ബീഫും പോർക്കും ഡെലിവറി ചെയ്യാനാകില്ല; മതവികാരം വൃണപ്പെടുത്തുന്നു; സൊമാറ്റോ ജീവനക്കാർ സമരത്തിലേക്ക്

കൊല്‍ക്കത്ത: ബീഫും പോർക്കും ഡെലിവറി ചെയ്യാനാകില്ലെന്ന് സൊമാറ്റോ ജീവനക്കാർ. ഭക്ഷണം ഡെലിവര്‍ ചെയ്യുന്നതു പലപ്പോഴും തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുണ്ടെന്നാരോപിച്ച് നാളെമുതല്‍ സൊമാറ്റോയിലെ ഡെലിവറി ബോയ്‌സ് സമരത്തിനിറങ്ങും.

സൊമാറ്റോയുടെ അധികൃതരെ തങ്ങള്‍ പരാതി അറിയിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. ഈയാഴ്ച പെരുന്നാള്‍ നടക്കാനിരിക്കെ ബീഫും പോര്‍ക്കും ഡെലിവര്‍ ചെയ്യാനാവില്ലെന്ന നിലപാടിലാണ് ഇവര്‍. ജീവനക്കാരുടെ മതവികാരത്തെ ഉപയോഗിക്കരുതെന്നാണ് ഇവരുടെ ആവശ്യം.

ജീവനക്കാർ പറയുന്നത് ഇങ്ങനെ- ‘അടുത്തിടെ ഒട്ടേറെ മുസ്‌ലിം റെസ്റ്റോറന്റുകള്‍ സൊമാറ്റോയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പക്ഷേ ചില ഹിന്ദു ഡെലിവറി ബോയ്‌സ് ബീഫ് ഡെലിവര്‍ ചെയ്യാന്‍ വിസ്സമതിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളില്‍ ഞങ്ങളോട് പോര്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞങ്ങള്‍ സമ്മതിച്ചില്ല.

മാത്രമല്ല, ഞങ്ങള്‍ക്കു പണം നല്‍കുന്നതിലും ചില പ്രശ്‌നങ്ങളുണ്ട്. അതുപോലെ മെഡിക്കല്‍ സൗകര്യങ്ങളുമായും ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. ഈ പ്രശ്‌നങ്ങളൊക്കെയും ഞങ്ങള്‍ തമ്മിലുള്ള സഹോദരബന്ധത്തെ ബാധിക്കുന്നുണ്ട്. ഞങ്ങളുടെ മതം അനുവദിക്കാത്ത ഭക്ഷണം വിതരണം ചെയ്യേണ്ടിവരുന്നത് ഞങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുണ്ട്.

കമ്പനിക്ക് എല്ലാമറിയാം. പക്ഷേ ഞങ്ങളെ സഹായിക്കുന്നതിനു പകരം ഞങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് അവര്‍ ചെയ്യുന്നത്.’ ജീവിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഭക്ഷണം ഡെലിവര്‍ ചെയ്യുന്നതെന്നും എന്നാല്‍ മതപരമായ അടിസ്ഥാന അവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും ജീവനക്കാരൻ പറയുന്നു.