മികച്ച പ്രതിഭകൾക്ക് നൽകുന്ന യു.എ.ഇ.യുടെ ആദ്യ ഗോൾഡ് കാർഡ് എം.എ. യൂസഫലിക്ക്

ദുബായ്: പ്രവാസി മലയാളി വ്യവസായി എം.എ. യൂസഫലി യു.എ.ഇ.യുടെ ആദ്യ ഗോൾഡ് കാർഡിന് അർഹനായി. വൻകിട നിക്ഷേപകർക്കും മികച്ച പ്രതിഭകൾക്കും നൽകുന്ന ആജീവനാന്ത താമസരേഖയാണ് ഗോൾഡ് കാർഡ്. യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതരാണ് ആദ്യ ഗോൾഡ് കാർഡ് ലുലു ഗ്രൂപ്പ് ചെയർമാന് നൽകിയ കാര്യം തിങ്കളാഴ്ച വെളിപ്പെടുത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് സാലിം അൽ ഷംസിയാണ് ഗോൾഡ് കാർഡ് യൂസഫലിക്ക് കൈമാറിയത്.

വൻകിട നിക്ഷേപകരെയും മികച്ച പ്രതിഭകളെയും പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകർഷിക്കാനാണ്‌ യു.എ.ഇ. സർക്കാർ ഗോൾഡ് കാർഡ് പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി 6800 വിദേശികൾക്കാണ് കാർഡ് അനുവദിച്ചിരിക്കുന്നത്. ഗോൾഡ് കാർഡിനുപുറമേ അഞ്ചുവർഷം, പത്തുവർഷം വീതമുള്ള ദീർഘകാല വിസകളും അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഗോൾഡ് കാർഡിന് അർഹരായവരുടെമാത്രം യു.എ.ഇ.യിലെ മൊത്തം നിക്ഷേപം 10,000 കോടി ദിർഹ(ഏകദേശം 1,88,280 കോടി രൂപ)ത്തിൽ ഏറെയാണ്.

‘‘കഴിഞ്ഞ 45 വർഷമായി യു.എ.ഇ. തന്റെ വീടാണ്. 1973-ൽ യു.എ.ഇ. തീരത്തു വന്നിറങ്ങിയ അന്നുമുതൽ മറ്റെവിടേക്കും പോകാൻ ആഗ്രഹിച്ചിട്ടില്ല. സ്വപ്നം കണ്ടതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ സമ്മാനിച്ച മഹത്തായ ഈ രാജ്യത്തിന് നന്ദി. ആദ്യ ഗോൾഡ് കാർഡ് ലഭിക്കുക എന്നത് തീർച്ചയായും മഹത്തായ ഒരനുഭവമാണ്. ഈ രാജ്യത്തിന്റെ ദീർഘദർശികളായ ഭരണാധികാരികളോട് ആത്മാർഥമായി നന്ദി രേഖപ്പെടുത്തുകയാണ്’’ -യൂസഫലി പറഞ്ഞു.