105 പേരുടെ പിന്തുണയില്‍ ഇനി എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കും; യെദ്യൂരപ്പ

ബംഗളൂരു: 105 പേരുടെ പിന്തുണയില്‍ കര്‍ണാടകയില്‍ ഇനി എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടകയിലെ എം എൽ എമാരുടെ രാജിയെ തുടർന്നുണ്ടായ പ്രതിസന്ധിയിലാണ് ബി.ജെ.പിയുടെ പ്രതികരണം.

ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 12 ന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് പാര്‍ട്ടികളില്‍ നിന്നും എം.എല്‍.മാര്‍ രാജിവെച്ചതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാരുമാണ് ശനിയാഴ്ച ഉച്ചയോടെ സ്പീക്കറുടെ ഓഫീസിലെത്തി രാജി സമര്‍പ്പിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാമലിംഗ റെഡ്ഡി, എച്ച്. വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി.സി. പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവരടങ്ങുന്ന എം.എല്‍.എമാരാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജി നല്‍കിയത്.

രാജിയ്ക്കു പിന്നില്‍ ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമരയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എം.എല്‍.എമാരെ സ്വാധീനിച്ചിരിക്കുകയാണെന്നും ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചിരുന്നു.

അതെ സമയം, രാജിസമര്‍പ്പിച്ച പത്തു എം.എല്‍.എമാര്‍ മുംബൈയിലാണെങ്കിലും ഇവരുമായി സമ്പര്‍ക്കമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

രാജിവച്ച എം.എല്‍.എമാരുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. മുംബൈയിലുള്ള ആറ് എം.എല്‍.എമാരുമായി താന്‍ ബന്ധപ്പെടുന്നുണ്ടെന്നും എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രശ്‌നപരിഹാരത്തിനുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.