സർക്കാർ പിരിച്ച് വിടണമെന്ന് ബിജെപി; സ്പീഡ് പോസ്റ്റ് വഴി വീണ്ടും രാജിക്കത്ത് അയച്ച് എട്ട് വിമത എം.എല്‍.എമാര്‍

ബെംഗളൂരു: സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. രാജ്ഭവനിലെത്തിയാണ് യെദ്യൂരപ്പ ഗവര്‍ണ്ണരോട് ആവശ്യം ഉന്നയിച്ചത്. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണ് എന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യം ഇല്ല. ഇപ്പോൾ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. കുമാരസ്വാമിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറെ അറിയിച്ചു.

അതേ സമയം കര്‍ണ്ണാടക ഗവര്‍ണ്ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെസി വേണുഗോപാല്‍ ആരോപിച്ചു.എംഎല്‍എമാരുടെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ അധികാരം സ്പീക്കര്‍ക്ക് മാത്രമാണുള്ളത്. ഗവര്‍ണ്ണര്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപ്പെട്ടുവെന്നും വേണുഗോപാല്‍ ആരോപിച്ചു.

അതേസമയം, കോണ്‍ഗ്രസിന്റെ എട്ട് വിമത എം.എല്‍.എമാര്‍ വീണ്ടും സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചു. സ്പീക്കര്‍ രമേശ് കുമാറിന് സ്പീഡ് പോസ്റ്റ് വഴിയാണ് രാജിക്കത്ത് അയച്ചത്.

14 പേര്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും ഇതില്‍ 9 പേരുടെ രാജി സ്പീക്കര്‍ തള്ളിയിരുന്നു. വേണ്ടവിധത്തിലുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് രാജിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി തള്ളിയത്. ഈ സാഹചര്യത്തിലാണ് എം.എല്‍.എമാര്‍ വീണ്ടും രാജിക്കത്ത് അയച്ചത്.