മോദി സര്‍ക്കാര്‍ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുന്നു: യെച്ചൂരി

ന്യൂഡല്‍ഹി: ഏകപക്ഷീയ നടപടികള്‍ വഴി മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. 2020 വിദ്യാഭ്യാസനയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം ട്വിറ്ററില്‍ വന്നത്. വിദ്യാഭ്യാസം ഭരണഘടനയുടെ സമവര്‍ത്തിപട്ടികയിലുള്ള വിഷയമാണ്. പാര്‍ലമെന്റിനെയും സംസ്ഥാനസര്‍ക്കാരുകളെയും വിദ്യാഭ്യാസമേഖലയില്‍ താല്‍പര്യമുള്ള മറ്റുള്ളവരെയും മറികടന്നാണ് പുതിയ നയം കൊണ്ടുവന്നത്. കേന്ദ്രത്തിനു വിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വര്‍ഗീയവല്‍ക്കരണം, വാണിജ്യവല്‍ക്കരണം എന്നിവയെ ചെറുക്കണമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.