ലോകകപ്പ് ഒരുക്കം അവസാനഘട്ടത്തിലേക്ക്; അല്‍ വഖ്‌റ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

 

ദോഹ: ഫിഫ 2022 ഖത്തര്‍ ലോകകപ്പിനുള്ള അല്‍വഖ്റ സ്റ്റേഡിയത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തിന്റെ സുപ്രധാന ഘട്ടങ്ങളിലൊന്നായ മേല്‍ക്കൂരയുടെ നിര്‍മ്മാണം പൂത്തിയായി. സ്റ്റീലില്‍ പണിത മേല്‍ക്കൂരയ്ക്ക് 378 ടണ്‍ ഭാരവും 92 മീറ്റര്‍ വിസ്തീര്‍ണവുമാണുള്ളത്. ഒക്യുലസ് ബീം എന്നറിയപ്പെടുന്ന സ്റ്റീല്‍ ഘടന പിച്ച് ലെവലില്‍നിന്നും 50 മീറ്റര്‍ ഉയരത്തിലാണുള്ളത്. പീലിക്കണ്ണിന്റെ മാതൃകയിലുള്ളതാണ് ഈ ബീം.

ഈ സ്റ്റീല്‍ മേല്‍ക്കൂരയുടെ ധര്‍മ്മം സ്റ്റേഡിയത്തിന്റെ മുഴുവന്‍ മേല്‍ക്കൂരയെയും ബന്ധിപ്പിക്കുകയും പിന്തുണയ്ക്കുകയുമാണ് . സ്റ്റീല്‍ ഘടനയുടെ ചില ഭാഗങ്ങള്‍ ഉള്ളിലേക്ക് മടക്കിവെച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള സൗകര്യവുമുണ്ട്. ചൈനയില്‍ നിര്‍മിച്ച സ്റ്റീല്‍ ഘടന ഇറ്റലിയില്‍ സംയോജിപ്പിക്കുകയും തുടര്‍ന്ന് ഖത്തറിലെ സ്റ്റേഡിയം നിര്‍മാണ സൈറ്റില്‍ എത്തിച്ച് ഇരുപത് ദിവസത്തെ പ്രവര്‍ത്തനങ്ങളിലൂടെ ബീമിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്ത് കൂട്ടിയോജിപ്പിക്കുകയും ചെയ്തു.

താല്‍കാലിക ഫ്രെയിമുകളില്‍ നിര്‍മ്മിച്ച മേല്‍ക്കൂരയില്‍ യഥാര്‍ഥ മേല്‍ക്കൂര സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടന്നത്. വെല്‍ഡിങ്, കൂട്ടിയോജിപ്പിക്കല്‍, സ്ഥാപിക്കല്‍ തുടങ്ങി മുഴുവന്‍ പ്രവൃത്തികള്‍ക്കുമായി നാല്‍പ്പത് ദിവസമാണ് എടുത്തത്. നിരവധി സ്റ്റീല്‍ വയറുകള്‍ ഉപയോഗിച്ച് അര മണിക്കൂര്‍ സമയംകൊണ്ട് മേല്‍ക്കൂര അകത്തേക്ക് മടക്കാനും നിവര്‍ത്താനും സാധിക്കുന്ന വിധത്തിലാണ് പണിതിരിക്കുന്നത്. മേല്‍ക്കൂരയ്ക്ക് താങ്ങായി, ഹോക്കി സ്റ്റിക്കുകള്‍ കൂട്ടിച്ചേര്‍ത്തത് പോലുള്ള രണ്ട് തൂണുകള്‍ നേരത്തെ സ്ഥാപിച്ചിരുന്നു. ഇവയ്ക്ക് 540 ടണ്‍ ആണ് ഭാരം. പൂര്‍ണമായും തണല്‍ നല്‍കാന്‍ സാധിക്കുന്ന തരത്തിലുള്ള മേല്‍ക്കൂര സ്റ്റേഡിയത്തിലെ ശീതികരണ സംവിധാനത്തിന്റെ കാര്യക്ഷമതയ്ക്കും അനുയോജ്യമാണ്.

ബ്രിട്ടീഷ് ഇറാഖി ആര്‍ക്കിടെക്ട് സാഹ ഹദീദാണ് അല്‍ വഖ്റ സ്റ്റേഡിയം രൂപകല്പന ചെയ്തത്. അടുത്തിടെയാണ് ഇവര്‍ അന്തരിച്ചത്. ഖത്തറിന്റെ സമുദ്രപാരമ്പര്യവും മുത്തുവാരലും അടിസ്ഥാനപ്പെടുത്തിയ ഉരുവിന്റെ മാതൃകയിലാണ് അല്‍ വഖ്റ സ്റ്റേഡിയം രൂപകല്പന നിര്‍വഹിച്ചത്. ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് അല്‍ വഖ്റ സ്റ്റേഡിയത്തില്‍ നടക്കുക.