ലൊസാനോ കാലനായി; ചാമ്പ്യന്മാരായ ജര്‍മനിയെ അട്ടിമറിച്ച് മെക്‌സിക്കോക്ക് ജയം

മോസ്‌കോ:ലോകകപ്പില്‍ ജര്‍മനിയെ വിറപ്പിച്ച് മെക്‌സിക്കോക്ക് ജയം. 36ാം
മിനിറ്റില്‍ ലൊസാനോയാണ് മെക്സിക്കോയ്ക്കായി വിജയഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകളടിച്ച ലൊസാനോയുടെ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു.

മെക്‌സിക്കന്‍ ഗോളി ഒച്ചോവയുടെ തകര്‍പ്പന്‍ പ്രകടനും ശ്രദ്ധേയമാണ്. 38ാം മിനിറ്റില്‍ സമനില എത്തിക്കുമെന്ന് കരുതിയ ജര്‍മന്‍ താരം ക്രൂസിന്റെ ബുള്ളറ്റ് ഫ്രീകിക്ക് ഒച്ചോവ പറന്നുയര്‍ന്നു തട്ടിയകറ്റുകയായിരുന്നു.

ആക്രമണവും പ്രതിരോധവും ഒരുപോലെ പുറത്തെടുത്ത പ്രടനമാണ് മെക്‌സിക്കോ കാഴ്ച്ചവെച്ചത്. പക്ഷേ നിരവധി തവണ ജര്‍മന്‍ ഗോള്‍മുഖത്തിനടുത്തെത്തിയെങ്കിലും ഷോട്ടുകളെല്ലാം വലയ്ക്ക്‌ പുറത്തേക്ക് പോകുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് മെക്സിക്കോ പുറത്തെടുത്തത്. ലോകോത്തര താരങ്ങളടങ്ങിയ ജര്‍മന്‍ നിരയെ വിറപ്പിച്ച് മെക്സിക്കന്‍ പട നിരന്തരം ജര്‍മന്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയെത്തിക്കൊണ്ടിരുന്നു. നിര്‍ഭാഗ്യവും ജര്‍മന്‍ ഗോള്‍കീപ്പര്‍ മാന്വേല്‍ നോയെയുമാണ് ഗോള്‍ നേടുന്നതില്‍ നിന്ന് മെക്സിക്കോയെ തടഞ്ഞത്.

36ാം മിനിറ്റില്‍ ഹാവിയര്‍ ഹെര്‍ണാണ്ടസും ലൊസാനോയും ചേര്‍ന്ന് നടത്തിയ മനോഹരമായ നീക്കത്തിലൂടെയാണ് മെക്സിക്കോ ലക്ഷ്യം കണ്ടത്.