സൗദിയിൽ ഉച്ചവിശ്രമം നിർബന്ധം; ലംഘിച്ചാല്‍ 3000 റിയാൽ പിഴ

റിയാദ്: സൗദി അറേബ്യയിൽ ചൂട് വർദ്ധിച്ചതിനാൽ ഉച്ചവിശ്രമം നല്‍കണമെന്ന നിയമം. ഇത് ലംഘിച്ചാല്‍ 3000 റിയാൽ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കടുത്ത ചൂട് കൂടിയ സാഹചര്യത്തിലാണ് രാജ്യത്ത് മധ്യാഹ്ന വിശ്രമം നിയമം നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയത്.

നിർമ്മാണ മേഖല ഉൾപ്പെടെയുള്ള തുറസ്സായ സ്ഥലനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ വന്നതോടെ ആശ്വാസമായത്. ഉച്ചയ്ക്ക് 12 മുതൽ മൂന്നു മണിവരെയുള്ള സമയങ്ങളിൽ തൊഴിലാളികളെകൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്.

ഇങ്ങനെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികൾ ഒരാൾക്ക് 3000 റിയാൽ തോതിൽ പിഴ ചുമത്തും.

സെപ്റ്റംബർ 15 വരെയാണ് നിയമം നിലവിലുള്ളത്. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ സംഖ്യ ഇരട്ടിയാകും.ചൂടിന്റെ വർദ്ധിച്ചതോടെ സ്കൂളുകളുടെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.