അമ്മയിൽ മാറ്റങ്ങളുമായി ഭാരവാഹികൾ; സ്ത്രീകൾക്ക് ആഭ്യന്തര പരാതി പരിഹാര സെൽ, ഉപാധ്യക്ഷ പദവിയിൽ സ്ത്രീകൾ

കൊച്ചി: മലയാള ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരുന്നു. സ്ത്രീകൾക്ക് മുൻഗണനയും, പ്രാതിനിധ്യവും നൽകുന്ന ഘടനാപരമായ മാറ്റങ്ങളാണ് ഭാരവാഹികൾ കൊണ്ട് വരുന്നത്. ഈ ഭരണഘടനാ ഭേദഗതികൾ ജനറൽ ബോ‍ഡി അംഗീകരിക്കണം. അതിനാൽ വരുന്ന വാർഷിക ജനറൽ ബോഡിയിൽ മാറ്റങ്ങൾ അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമാകും നടപ്പാക്കുക.

എന്നാൽ വിഷയത്തിൽ പല അംഗങ്ങൾക്കും നിർദേശങ്ങളിൽ ഭിന്നാഭിപ്രായമുണ്ട്. മാത്രമല്ല, ചില നിർദേശങ്ങൾ നടപ്പാക്കാൻ നിയമപരമായ പ്രശ്നമുണ്ടെന്നാണ് സംഘടനയിലെ ചില അംഗങ്ങൾ തന്നെ പറയുന്നത്.

സ്ത്രീകൾക്ക് ആഭ്യന്തര പരാതി പരിഹാര സെൽ അടിയന്തരമായി രൂപീകരിക്കാൻ തീരുമാനമുണ്ട്. ‘അമ്മ ഒരു തൊഴിലാളി സംഘടന മാത്രമാണെന്നും അതിനാൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കാൻ നിയമപ്രകാരം തടസ്സമുണ്ടെന്നും ‘അമ്മ’ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാൽ ഇക്കാര്യത്തിൽ ഈ വാർഷിക ജനറൽ ബോഡിയിൽ തീരുമാനമുണ്ടാകുമോ എന്നത് വ്യക്തമല്ല.

നിർവാഹക സമിതിയിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തണമെന്നതാണ് മറ്റൊരു നിർദേശം. ഉപാധ്യക്ഷ പദവിയിൽ സ്ത്രീ വരണമെന്നതാണ് മറ്റൊന്ന്. എന്നാൽ ഇവയൊക്കെ സംഘടനയുടെ വാർഷിക ജനറൽ ബോ‍ഡിയിൽ അവതരിപ്പിച്ച് അംഗീകരിക്കപ്പെടണം.