ബിനോയ്‌ക്കെതിരെ യുവതി ആദ്യം പരാതി നൽകിയത് സിപിഎം കേന്ദ്ര നേതൃത്വത്തിന്

പീഡന ആരോപണം നേരിടുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകൻ ബിനോയ്‌ക്കെതിരെ ബീഹാർ സ്വദേശി ആദ്യം പരാതി നൽകിയത് സിപിഎം കേന്ദ്ര നേതൃത്വത്തിനെന്ന് വിവരം. വിഷയം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്.

ജൂണ്‍ പതിമൂന്നിനാണ് യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് ബിനോയ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനും വളരെ മുമ്പുതന്നെ യുവതി സി പി എമ്മിന്റെ കേന്ദ്രനേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നല്‍കിയിരുന്നത്.

നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. വ്യക്തിപരമായ വിഷയമായതിനാല്‍ അനൗപചാരിക ചര്‍ച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നെന്നും സൂചനയുണ്ട്. വ്യക്തിപരമായ വിഷയമായതിനാൽ പാര്‍ട്ടി നേതാക്കള്‍ ആരും വിഷയത്തില്‍ ഇടപെടരുതെന്നും കേന്ദ്രനേതാക്കള്‍ നിര്‍ദേശം നല്‍കി.