മല ചവിട്ടാന്‍ കടല്‍ കടന്നും യുവതികള്‍; മലേഷ്യന്‍ സംഘത്തിന് പിന്നാലെ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 20 യുവതികള്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് കയറാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നിരവധി യുവതികളാണ് മല ചവിട്ടാനെത്തിയത്. ഇതില്‍ കുറച്ചുപേര്‍ മാത്രമാണ് മല ചവിട്ടി അയ്യപ്പനെ കണ്ടത്. ബിന്ദുവിനും കനകദുര്‍ഗയ്ക്കും മുമ്പ് മലേഷ്യയില്‍ നിന്നെത്തിയ സംഘം മല ചവിട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും 20 യുവതികള്‍ ശബരിമലയിലെത്തും

ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള 42 പേരില്‍ 20 യുവതികളുമുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 41 ദിവസത്തെ വൃതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല പതിനെട്ടാംപടി കയറാന്‍ ഒരുങ്ങുന്നത്. തോമസ് പീറ്റര്‍ നയിക്കുന്ന സംഘം കഴിഞ്ഞ ഡിസംബര്‍ 26നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഈയാഴ്ച്ച കന്യാകുമാരിയെത്തിയ സംഘം ഇരുമുടിക്കെട്ടുമായി മല കയറാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ശബരിമല സന്ദര്‍ശിക്കാറുണ്ടെന്ന് സംഘം ദിനമലര്‍ എന്ന തമിഴ് പത്രത്തോട് പറഞ്ഞു. ശബരിമലയിലെ സ്ഥിതിഗതികളറിയാമെന്നും ക്ഷേത്രത്തിന്റെ ആചാരത്തെ ബഹുമാനിക്കുന്നുവെന്നും പ്രശ്നങ്ങളില്ലാതെ ശബരിമല സന്ദര്‍ശിച്ച് വീട്ടിലെത്താനാണ് ആലോചിക്കുന്നതെന്നും സംഘത്തിലെ അംഗം മെര്‍ലെസ് ദിനമലരിനോട് പറഞ്ഞു. 50 വയസ്സിന് താഴെയാണ് എല്ലാ അംഗങ്ങളും. ഈ വരുന്ന ജനുവരി ഏഴിനാണ് സംഘം ശബരിമല കയറുന്നത്.

എന്നാല്‍ സംഘത്തെ മലകയറുന്നതില്‍ നിന്നും തടഞ്ഞാല്‍ അത് അന്താരാഷ്ട്ര പ്രശ്നമായി മാറും. സംഘത്തിലുള്ളവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടിവരുമെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.