കാമുകന് മോഷ്ടിക്കാന്‍ സ്വന്തംവീട് തുറന്നുകൊടുത്ത യുവതി അറസ്റ്റില്‍

തിരുവനന്തപുരം: വിതുരക്കടുത്ത് മരുതാമല അടിപറമ്പിലെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണംപോയ കേസില്‍ പ്രതിയെ സഹായിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു. മരുതാമല റാണി ഭവനില്‍ കവിത(34)യാണ് അറസ്റ്റിലായത്. പ്രതി രാജേഷിനെ സ്വന്തം വീട്ടില്‍ മോഷണം നടത്താന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്. വീട്ടിലെ കിടപ്പുമുറിയിലെ തറയോടിനടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണമാണ് രഹസ്യകാമുകന്‍ തന്നെ മോഷ്ടിച്ചുകൊണ്ടുപോയത്.

ശനിയാഴ്ച കവിതയും ഭര്‍ത്താവും ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. കവിതയുമായി സൗഹൃദത്തിലായിരുന്ന രാജേഷ് ഇവരില്‍ നിന്ന് പലതവണ പണം വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങാന്‍ 10 ലക്ഷം രൂപ കവിതയോട് ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിനോട് വിവരങ്ങള്‍ പറയുമെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് കവിത വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ വിവരം രാജേഷിനോട് പറഞ്ഞു. ശനിയാഴ്ച ആശുപത്രിയില്‍ പോകുന്നതിനു മുമ്പ് ഇവര്‍ വീടിന്റെ പിന്‍വാതില്‍ തുറന്നിട്ടശേഷം രാജേഷിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് ഇയാള്‍ മോഷണം നടത്തിയത്.തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു.
രാജേഷിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.