തീവ്രവാദികളെ വെടിവെയ്ക്കാൻ കമ്മീഷന്റെ അനുമതി വാങ്ങണമോ?- മോദി

കുശിനഗര്‍: ഭീകരവാദികളെ കൊല്ലുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാൻ സൈന്യത്തിന് സാധിക്കില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ഭീകരവാദികളെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മോദിയുടെ പ്രസ്താവന.

ഭീകരവാദികള്‍ക്ക് മുന്നില്‍ സൈന്യം ബോംബുകളും ആയുധങ്ങളുമായി വെടിവെക്കാന്‍ നില്‍ക്കുമ്പോൾ ഈ സമയത്ത് അനുമതി തേടണമോ എന്ന് മോദി ചോദിച്ചു. അക്രമകാരികളെ സൈന്യം വെടിയുതിര്‍ക്കുന്നതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ സംസാരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ഫലപ്രദവും സത്യസന്ധവുമായ ഒരു സര്‍ക്കാരിനെയാകും ജനങ്ങള്‍ തിരഞ്ഞെടുക്കുകയെന്നും അതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ പ്രതിപക്ഷം നിലംപരിശാകുമെന്നും മോദി റാലിക്കിടെ പറഞ്ഞു.