സൗദിയില്‍ നരക യാതന അനുഭവിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്

ലഖ്‌നൗ :തൊഴില്‍ തട്ടിപ്പിനിരയായി സൗദിയില്‍ നരക യാതന അനുഭവിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതി രംഗത്ത്. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ ആസാദ് ഖാന്റെ ഭാര്യയും കുടുംബാഗങ്ങളുമാണ് യുവാവിനെ രക്ഷിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാട്ട്‌സാപ്പിലൂടെ തന്റെ ഭാര്യക്ക് അയച്ച വീഡിയോയിലാണ് യുവാവ് അദ്ദേഹം നേരിട്ട ക്രൂര അനുഭവം വെളിപ്പെടുത്തിയിരുന്നത്.

ഡ്രൈവര്‍ ജോലിക്കായി വന്ന താന്‍ ഇപ്പോള്‍ ഇവിടെ വീട്ട് ജോലികളാണ് ചെയ്യുന്നതെന്നും ഏജന്റെ് ഷൈക്കിന് തന്നെ വില്‍ക്കുകയായിരുന്നുവെന്നും ആസാദ് ഖാന്‍ വീഡിയോയില്‍ പറയുന്നു.ഉടമയായ ഷൈക്ക് മൃഗങ്ങളോടെന്നവണ്ണമാണ് തന്നോട് പെരുമാറുന്നതെന്നും ഭക്ഷണം തരാറില്ലെന്നും മര്‍ദ്ദിക്കാറുള്ളതായും യുവാവ് വീഡിയോയില്‍ കരഞ്ഞ് കൊണ്ട് പറയുന്നു.

യുവാവിന്റെ വീഡിയോ ലഭിച്ചതിന് ശേഷം പരിഭ്രാന്തരായ വീട്ടുകാര്‍ എന്തു ചെയ്യണമെന്നറിയാത്ത നിലയിലാണ്.ഡല്‍ഹിയിലുള്ള ഒരു സ്വകാര്യ കമ്പനി വഴി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇദ്ദേഹം സൗദിയിലെത്തിയത്. ഈ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ അസാദ് ഖാനെ തിരിച്ച് കൊണ്ട് വരാന്‍ ഒരു ലക്ഷം രൂപ നല്‍കാനാണ് ആവശ്യപ്പെടുന്നതെന്നും യുവാവിന്റെ പിതാവ് പറയുന്നു.