സി ഐ നവാസിന്റെ തിരോധാനം: മേൽ ഉദ്യോഗസ്ഥരിൽ നിന്ന് മാനസികമായി പീഡനവും, കള്ളകേസ് എടുക്കാൻ നിർബന്ധവും നേരിട്ടിരുന്നുവെന്ന് ഭാര്യ

കൊച്ചി: എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കാണാതായതുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥർക്കെതിരെ സി ഐയുടെ ഭാര്യ. മേലുദ്യോഗസ്ഥരിൽ നിന്ന് മാനസികമായ പീഡനങ്ങൾ ഏറ്റിരുന്നെന്നും, കള്ളകേസ് എടുക്കാൻ നിർബന്ധിച്ചുവെന്നും ഭാര്യ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. സി ഐ യുടെ തിരോധാനത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട സമൂഹ മാധ്യമങ്ങളിൽ നിരവധി പ്രതിഷേധങ്ങളും, ക്യാമ്പയ്‌നുകളും നടത്തുന്നുണ്ട്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതലാണ് നവാസിനെ കാണാതാകുന്നത്. ഒരു യാത്ര പോകുവാണെന്ന് ഭാര്യയ്ക്ക് മെസേജ് അയച്ചതുമാത്രമാണ് നവാസിന്റെ ഭാഗത്ത് നിന്നും ഏറ്റവും ഒടുവില്‍ ഉണ്ടായ ആശയവിനിമയം. സി ഐ നവാസ് ദരിദ്ര ചുറ്റുപാടുകളിൽ നിന്നും, കഠിനാധ്വാനത്തിലും വളർന്നു വന്നയാളാണെന്നാണ് സഹ പ്രവർത്തകരും നാട്ടുകാരും പറയുന്നത്. ബിരുദം വരെ ആലപ്പുഴയിൽ പഠിച്ച നവാസ് ബിരുദാനന്തര ബിരുദത്തിനായി എറണാകുളത്തേക്ക് പോയി. കൈയ്‌ലിയും ഷർട്ടും ധരിച്ച് ക്ലാസ്സിലേക്ക് ഇറങ്ങുന്ന നവാസ് പഠനത്തിനിടയിൽ ആക്രി ശേഖരിച്ചു കച്ചവടം നടത്തിയിരുന്നെന്ന് സഹപ്രവർത്തകൻ പറയുന്നു. രാവിലെയുള്ള ആക്രി വാരികൂട്ടലിനു ശേഷമാണ് വസ്ത്രം മാറി ക്ലാസ്സിലേക്ക് എത്തുന്നത്. എസ് ഐ സെക്ഷൻ കിട്ടി ഗെസ്റ് ലിസ്റ്റിൽ വന്നിട്ടും, നവാസിന്റെ ശൈലികൾക്കൊന്നും മാറ്റം വന്നിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു.

എറണാകുളം പോലുള്ള നഗരത്തിൽ ജീവിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് അന്യായമായും,ന്യായമായും പണം സമ്പാദിക്കാനുള്ള വഴികൾ ഉണ്ട്. എന്നാൽ നവാസ് കഠിനാധ്വാനം കൊണ്ട് മാത്രമാണ് ജീവിക്കുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു. മേലുദ്യോഗസ്ഥനില്‍ നിന്നും നവാസിന് കഴിഞ്ഞ ദിവസം അപമാനം നേരിട്ടെന്നും, വയര്‍ലസ് വഴി പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ നടക്കുന്ന സന്ദേശത്തോട് പ്രതികരിക്കാന്‍ വൈകിയതിന്റെ പേരിൽ നവാസ് അപമാനിക്കപ്പെട്ടുവെന്നും വിവരങ്ങൾ പുറത്തു വരുന്നു. പ്രതികരിക്കൽ അസി.കമ്മിഷണര്‍ നവാസിനെ ശകാരിക്കുകയും, തുടർന്ന് നവാസ് തിരിച്ചു പ്രതികരിക്കുകയും ഇത് രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തിലേക്കും വാഗ്വാദങ്ങളിലേക്കും എത്തിയെന്നും പറയുന്നു. ഈ സംഭവത്തിനു പിന്നാലെ അസി. കമ്മിഷണര്‍ സി ഐ നവാസിനെ വെല്ലുവിളിക്കുകയും ജോലി കളയിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.

ഇതിനു പിന്നാലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയ സി ഐ നവാസ് വയര്‍ലസ് സെറ്റും ഔദ്യോഗിക വാഹനവും ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കാര്‍ഡ് അവിടെയുണ്ടായിരുന്ന കീഴുദ്യോഗസ്ഥനെ ഏല്‍പ്പിച്ചെന്നും അതിനുശേഷമാണ് ഭാര്യക്ക് മെസേജ് അയച്ചിട്ട് പോകുന്നതെന്നുമാണ് പൊലീസില്‍ നിന്നു തന്നെ കിട്ടുന്ന വിവരം. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗസ്ഥനാണ് ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ വി എസ് നവാസ്.