സഖ്യരാജ്യങ്ങള്‍ക്കെതിരെയും ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക

ന്യൂയോര്‍ക്ക്: സഖ്യരാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് അമേരിക്ക. കാനഡ, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍, മെക്‌സികോ എന്നീ രാജ്യള്‍ക്കുമേലാണ് സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള ഇറക്കുമതി തീരുവയാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

അലൂമിനിയത്തിന് 10 ശതമാനവും സ്റ്റീലിന് 25 ശതമാനവും നികുതി വര്‍ദ്ധിപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ തീരുമാനം. അമേരിക്ക ഇതിനെ ന്യായീകരിക്കാനായി രാജ്യസുരക്ഷ വരെ നിരത്തുന്നുണ്ട്. എന്നാല്‍ യുഎസ് വ്യാപാര സെക്രട്ടറിയുടെ പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കാനഡയും യൂറോപ്യന്‍ യൂണിയനും രംഗത്തുവന്നിരുന്നു. ഈ തീരുമാനം ലോക വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇതിനെതിരെ പ്രതികരിച്ചു.

ലോക വ്യാപാര സംഘടനയെ സമീപിക്കുന്നത് കൂടാതെ അമേരിക്കയ്ക്ക് മേല്‍ കൂടുതല്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതായിയെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കമ്മീഷണര്‍ സെസില്ല മാംസ്റ്റോം അറിയിച്ചു. തീരുമാനത്തില്‍ നിരാശയെന്ന് ബ്രിട്ടന്റെ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയുമായുള്ള ബന്ധം വഷളായേക്കുമെന്ന സൂചന കനൈഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.