വാട്‌സ്ആപ്പ് ചാരപ്രവര്‍ത്തി; കമ്പനി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഇന്ത്യയില്‍ നടത്തിയ ചാരപ്രവര്‍ത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോരുന്നതായി നേരത്തെ രണ്ടു തവണ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയെന്നെന്ന് പേരു വെളിപ്പെടുത്താത്ത വാട്സ് ആപ്പ് അധികൃതര്‍ പറയുന്നു.
സന്ദേശങ്ങളയക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെ അതിസുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന വാട്സാപ്പിന് കനത്ത തിരിച്ചടിയാണ് ഇത്. ബാങ്കിടപാടുകള്‍ക്ക് മൊബൈല്‍ ഉപയോഗിക്കുന്ന ഇക്കാലത്ത് ഇത്തരം പ്രോഗ്രാമുകളുടെ സാന്നിധ്യം വന്‍ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍.എസ്.ഒ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി വാട്സ് ആപ്പ് കേന്ദ്രത്തെ അറിയിച്ചിരുന്നു. അതിനു മുന്‍പ് മെയ് മാസത്തില്‍ ഇതിന്റെ സൂചനയും നല്‍കിയിരുന്നു. 121 ഇന്ത്യക്കാരുടെ വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നത്.
ഐ.എസ്.ഒ കമ്പനി ഉന്നം വെച്ചിരിക്കുന്നവരുടെ ഫോണിലേക്ക് വാട്സ്ആപ്പ് വീഡിയോ കോള്‍ വഴിയാണ് ചോര്‍ത്തല്‍ നടത്തുക. കോള്‍ എടുത്തിട്ടില്ലെങ്കിലും റിംങ്ങ് ചെയ്തു തുടങ്ങുന്നതു മുതല്‍ ഇയാളുടെ ഫോണിലേക്ക് കടക്കുന്ന പെഗാസസ് എന്ന ചാര സ്പൈവെയര്‍ ഫോണിലെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നു.ഫോണിലെ ക്യാമറയും മൈക്കും വരെ ഹാക്ക് ചെയ്യുന്ന കമ്പനി രഹസ്യമായി ഇവരുടെ ദൈനംദിന പ്രവര്‍ത്തികളും സംഭാഷണങ്ങളും നിരീക്ഷിക്കുന്നു.
എന്നാല്‍ വാട്സ്ആപ്പ് ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മെയ് മാസത്തില്‍ വാട്സ്ആപ്പ് തങ്ങളുടെ സാങ്കേതികമായ പ്രശ്നങ്ങളെ ക്കുറിച്ച് മാത്രമാണ് അറിയിപ്പ് നല്‍കിയിരുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
ദളിതുകള്‍ക്കും മുസ്ലിംങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്നവരെ മാത്രം ഉന്നവെച്ച ചാരപ്രവര്‍ത്തിയില്‍ കേന്ദ്രത്തിനും പങ്കുണ്ടെന്ന് ചാരപ്പണിക്ക് ഇരയായവരില്‍ ചിലര്‍ പറഞ്ഞിരുന്നു.
ഇസ്രയേല്‍ ആസ്ഥാനമായുള്ള സൈബര്‍ കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് തയ്യാറാക്കിയ പെഗാസസ് എന്ന ചാര പ്രോഗ്രാമാണ് ഫോണുകളില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്. നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് തിരിച്ചറിയാനാകില്ല. കണ്ടെത്തിയാല്‍ത്തന്നെ ഒഴിവാക്കാനുമാകില്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന ഒന്നാണ്.