വാട്‌സാപ്പ് പേമെന്റ് 2020 അവസാനം എത്തും

വാട്‌സാപ്പ് പേമെന്റ് ഈ വര്‍ഷം അവസാനത്തോടെയെത്തുമെന്ന് വാട്‌സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വാട്‌സാപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും ബീറ്റാ പതിപ്പില്‍ തന്നെയാണ് വാട്‌സാപ്പ് പേമെന്റ് ഉള്ളത്. ഇപ്പോഴിതാ വാട്‌സാപ്പ് പേമെന്റ് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അടുത്ത ലക്ഷ്യം ഇന്ത്യയില്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇന്ത്യയിലെ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ടിതമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്കാവുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഐടി മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്‌സാപ്പ് പേമെന്റ് വൈകുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ആവശ്യമാണ് ഇതില്‍ പ്രധാനം.

അതേസമയം വനിതാ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായുള്ള പരിപാടികള്‍ വാട്‌സാപ്പ് നീതി ആയോഗുമായി സഹകരിച്ച് സംഘടിപ്പിക്കും.