എന്താണ് മസാല ബോണ്ട്? അറിയാം ഇന്ത്യയുടെ ഈ മസാലക്കൂട്ട്

വിവാദമായും അല്ലാതെയും കുറെനാളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നതാണല്ലോ മസാല ബോണ്ട്. എന്താണ് മസാല ബോണ്ട്?

ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ രാജ്യാന്തര നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഉപയോഗിക്കുന്ന വഴികളില്‍ ഒന്നാണ് മസാല ബോണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ നാം കറികളില്‍ ചേര്‍ക്കുന്ന മസാലയില്‍ നിന്നുതന്നെയാണ് അതിന്റെ വരവ്. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയില്‍ ഇടം പിടിക്കുമെന്നു കരുതിയാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന് വിളിച്ചത്. ലോകബാങ്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ ചുരുക്കപ്പേരാണ് ഐ.എഫ്.സി.

ചൈനയും ഇങ്ങനെ ബോണ്ട് ഇറക്കിയിട്ടുണ്ട്. ചൈനയിലെ പ്രധാന ഭക്ഷ്യവിഭവമായ ഡിംസത്തിന്റെ പേരിലാണ് ആ ബോണ്ട്. ജപ്പാന്റെ ബോണ്ടിന് സമുറായി എന്നു പറയും.

എന്താണതിന്റെ പ്രത്യേകതകള്‍?

വിദേശ നാണ്യത്തിലല്ലാതെ ഇന്ത്യന്‍ രൂപയില്‍തന്നെ ബോണ്ട് വാങ്ങാം എന്നതാണ് ആദ്യത്തേത്. ബോണ്ട് വില്‍ക്കുമ്പോഴും അങ്ങനെത്തന്നെ. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിനനുസരിച്ചുള്ള വിനിമയമാണ് നടക്കുന്നത്. അതായത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ചാണ് വിനിമയം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഡോളറുമായുള്ള രൂപയുടെ ഏറ്റക്കുറച്ചിലുകള്‍ ഈ ബോണ്ടുകളെ ബാധിക്കില്ല. അതേസയം നിക്ഷേപകര്‍ക്ക് ചെറിയ നഷ്ടമുണ്ടായേക്കാം. എന്നാല്‍, മികച്ച റേറ്റിങ്ങുള്ള ഏജന്‍സികളാണ് ബോണ്ട് പുറത്തിറക്കുന്നതെങ്കില്‍ ലാഭസാധ്യത മുന്നില്‍ക്കണ്ട് കമ്പനികള്‍ അതു വാങ്ങും.

കേരളത്തിന്റെ കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടന്‍, സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പുറത്തിറക്കിയ മസാല ബോണ്ടുകള്‍ വഴി സംസ്ഥാനം 2150 കോടി രൂപ ഇതിനകം സമാഹരിക്കുകയും ചെയ്തു.

2016ല്‍ റിസര്‍വ് ബാങ്ക് മസാല ബോണ്ടിന് അനുമതി നല്‍കിയശേഷമുള്ള മൂന്നാമത്തെ വലിയ സമാഹരണമാണ് കിഫ്ബിയുടേത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ്ങില്‍ ‘ത്രിബിള്‍ എ.’ റേറ്റിങ്ങുള്ള സ്ഥാപനങ്ങള്‍ക്കുമാത്രമേ മസാല ബോണ്ടിറക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, കേന്ദ്രസര്‍ക്കാരിന് ‘ത്രിബിള്‍ ബി.’ റേറ്റിങ്ങാണ്.

രാജ്യത്തിന്റെ റേറ്റിങ്ങിനുതാഴെയുള്ള റാങ്കേ ആ രാജ്യത്തുനിന്നുള്ള ഏജന്‍സിക്കും ലഭിക്കുകയുള്ളൂ. അതിനാല്‍ കിഫ്ബിയ്ക്കുള്ള ‘ബി.ബി.’ മികച്ച റേറ്റിങ്ങാണ്. തിരിച്ചടവിന് ദീര്‍ഘകാലത്തെ സാവകാശമുണ്ടെന്നതതാണ് ഈ ബോണ്ടിന്റെ മറ്റൊരു നേട്ടം. അടിസ്ഥാനസൗകര്യ വികസനപദ്ധതികളില്‍ പണം മുടക്കുമ്പോള്‍ അതില്‍നിന്നുള്ള വരുമാനത്തിനും സമയമെടുക്കുമല്ലോ.കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താനായി രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് കിഫ്ബി. സംസ്ഥാന ബജറ്റിന് പുറത്തു നിന്നുള്ള വിഭവ സമാഹരണമാണ് ഈ ധനകാര്യ ഏജന്‍സിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌സേഞ്ച് വഴിയുള്ള മസാല ബോണ്ടില്‍ നിന്ന് 2150 കോടി കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി ചിട്ടിയിലൂടെയും മറ്റുമായി മൊത്തം 50,000 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.