റാഷിദ് ഖാനെ ഇന്ത്യക്ക് വേണമെന്ന് ആരാധകര്‍, വിട്ടുതരില്ലെന്ന് അഫ്ഗാന്‍ പ്രസിഡന്റ്

കൊല്‍ക്കത്ത: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തി. ഹൈദരാബാദ് ഫൈനലിലെത്തിയിട്ടുണ്ടെങ്കില്‍ അതിന് കരുത്തായി നിന്നത് അഫ്ഗാന്‍ താരം റാഷിദ് ഖാനാണ്. റാഷിദ് ഖാന്റെ ഓള്‍ റൗണ്ടര്‍ പ്രകടനമാണ് ഹൈദരാബാദിന് തുണയായത്. ഇതോടെ താരത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ കൊണ്ട് നിറഞ്ഞു.

അഫ്ഗാന്‍ താരമായ റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ആരാധകര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് അത് ഇഷ്ടപ്പെട്ടില്ല. ക്രിക്കറ്റിന് ഒരു മുതല്‍ക്കൂട്ടാണ് റാഷിദ് ഖാനെന്നും അദ്ദേഹത്തെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കി. അഫ്ഗാന്‍ പ്രസിഡന്റ് റാഷിദിനെ ട്വിറ്റര്‍ പേജിലൂടെ അഭിനന്ദിക്കുകയും ചെയ്തു.

റാഷിദ് ഖാന്റെ പ്രകടനത്തില്‍ അഫ്ഗാനിസ്ഥാനിലെ ഓരോരുത്തരും അഭിമാനിക്കുന്നുവെന്നും മികവ് പുറത്തെടുക്കാന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയ ഇന്ത്യയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നുവെന്നും അഫ്ഗാന്‍ പ്രസിഡന്റ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തായിരുന്നു അഷ്‌റഫ് ഗനിയുടെ ട്വീറ്റ്.