ബംഗാളിനും ഒഡിഷക്കുമൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയദുരന്തനിവാരണ സേനയുടെ നാലു യൂണിറ്റുകള്‍ ബംഗാളിലേക്ക്

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഉംപൂണ്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കെട്ടിടങ്ങളും മറ്റ് സ്ഥാപനങ്ങളും തകരുകയും മരങ്ങളും, വൈദ്യുതി ലൈനുകളും ഒടിഞ്ഞുവീണുമുണ്ടായ കെടുതികളില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നാലു യൂണിറ്റുകളെ വിമാനമാര്‍ഗം അയച്ചതായി ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
രണ്ടു യൂണിറ്റുകള്‍ ചെന്നൈയില്‍ നിന്നും രണ്ടുയൂണിറ്റുകള്‍ പൂണെയില്‍ നിന്നുമാണ് അയച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്.
രാജ്യമൊട്ടാക ദുരന്തത്തില്‍ ബംഗാളിനും ഒഡിഷക്കുമൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യും. ” ഞാന്‍ ദൃശ്യങ്ങള്‍ കണ്ടു. ഈ പ്രതിസന്ധിഘട്ടത്തില്‍ രാജ്യമൊട്ടാകെ ബംഗാളിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവിടെത്തെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു.
അഞ്ചുലക്ഷം പേരെയാണ് ബംഗാളില്‍ നിന്ന് ഒഴിപ്പിച്ചത്. അതുകൊണ്ടാണ് മരണസംഖ്യ കുറയ്ക്കാനായത്. വാര്‍ത്താവിനിമയ ബന്ധങ്ങളെല്ലാം താറുമാറായി. എവിടെ നോക്കിയാലും നാശമേ കാണാനുള്ളുവെന്ന് കൊല്‍ക്കത്തിയില്‍ വച്ച് മുഖ്യമന്ത്രി മമത പറഞ്ഞു.