ദിലീപിനെ തിരിച്ചെടുത്തുകൊണ്ടുള്ള ‘അമ്മ’യുടെ തീരുമാനത്തിനെതിരെ ഡബ്ല്യു.സി.സി.

നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയൂ.സി.സി. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലൂടെയാണ് ഡബ്ല്യു.സി.സി. തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായിരുന്നു ദിലീപ്. ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നയങ്ങളെ ചോദ്യം ചെയ്യുകയാണ് ഡബ്ല്യു.സി.സി. അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍.

ഞായറാഴ്ച അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റതിനെ തുടര്‍ന്ന് നടന്ന ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അതിനെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ തീരുമാനമായത്. സിനിമയിലെ വനിതാ കൂട്ടായ്മ ഈ ചടങ്ങുകളിലൊന്നും തന്നെ സന്നിഹിതരായിരുന്നില്ല.

ഡബ്ല്യു.സി.സി.യുടെ ഫേസ്ബുക്ക് പോസ്റ്റ്‌

Women in Cinema Collective
2 hrs ·
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍

വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. WCCഅവള്‍ക്കൊപ്പം.