മലപ്പുറത്ത് വെള്ളത്തിൽ പ്രസവിച്ച യുവതി മരിച്ചു; ജീവനെടുത്തത് വാട്ടർബെർത്ത്

മലപ്പുറം: നാച്ചുറോപ്പതി ചികിത്സയുടെ ഭാഗമായി വെള്ളത്തിൽ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശിനി ഷഫ്നയാണ് മരിച്ചത്. ജനുവരി എട്ട് തിങ്കളാഴ്ച മഞ്ചേരി ഏറനാട് ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ നാച്ചുറോപ്പതി ചികിത്സകനായ ആബിറാണ് യുവതിയുടെ പ്രസവമെടുത്തത്. വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന വാട്ടർ ബെർത്ത് സംവിധാനത്തിലൂടെയായിരുന്നു ഇവിടെ പ്രസവം നടന്നിരുന്നത്. വെള്ളത്തിൽ വച്ച് കുഞ്ഞിന് ജന്മം നൽകുന്ന രീതിയാണ് വാട്ടർബെർത്ത്.

മഞ്ചേരിയിലെ ഏറനാട് ആശുപത്രിയിൽ വച്ചാണ് വെട്ടിച്ചിറ സ്വദേശിയായ ഷഫ്ന ദാരുണമായി മരണപ്പെട്ടത്. വാട്ടർബെർത്ത് പ്രസവത്തിനിടെ യുവതിക്ക് അമിതരക്തസ്രാവമുണ്ടായതാണ് മരണകാരണം.

അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് യുവതിയുടെ ബിപിയും നിലച്ചു. ഇതോടെ യുവതിയെ ആശുപത്രിയിലെ അലോപ്പതി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനുവരി എട്ട് തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.

യുവതിയുടെ മരണത്തെക്കുറിച്ച് ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി ലഭിക്കുന്നത്. ഏറനാട് ആശുപത്രിയിലെ അശാസ്ത്രീയ ചികിത്സകാരണം പ്രസവത്തിനിടെ യുവതി മരിച്ചെന്നായിരുന്നു പരാതി. നാട്ടുകാരിൽ ചിലരാണ് ആരോഗ്യവകുപ്പിനും മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്. ഇതോടെയാണ് വാട്ടർബെർത്ത് പ്രസവത്തിനിടെ യുവതി മരിച്ചെന്ന വാർത്ത പുറംലോകമറിഞ്ഞത്.

എന്നാൽ മരിച്ച ഷഫ്നയുടെ ഭർത്താവോ ബന്ധുക്കളോ സംഭവത്തിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. ആബിർ എന്നയാളും ഇയാളുടെ ഭാര്യയുമാണ് ഏറനാട് ആശുപത്രിയിൽ നാച്ചുറോപ്പതി ചികിത്സ നടത്തിയിരുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവിൽപോയിരിക്കുകയാണെന്നാണ് വിവരം.

നാച്ചുറോപ്പതി ചികിത്സയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ഏറനാട് ആശുപത്രി മാനേജ്മെന്റ് അറിയിച്ചത്. ആബിർ എന്നയാൾക്ക് നാച്ചുറോപ്പതി ചികിത്സയ്ക്കായി ഒരു മുറി വിട്ടുനൽകിയെന്നേയുള്ളു എന്നും മാനേജ്മെന്റ് അധികൃതർ പറഞ്ഞു. എന്നാൽ ഈ വാദം അംഗീകരിക്കാനാകില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്.

ഏറനാട് ആശുപത്രിയിൽ ദീർഘനാളായി ഇത്തരം ചികിത്സാരീതികൾ നടന്നുവരുന്നുണ്ടെന്നാണ് നാട്ടുകാരുടെയും ആരോപണം. അതേസമയം, ആശുപത്രിയിലെത്തി പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ പ്രസവമുറിയും നാച്ചുറോപ്പതി വിഭാഗവും അടച്ചുപൂട്ടി സീൽ ചെയ്തു. തുടർന്ന് ആശുപത്രി രേഖകളും പരിശോധിച്ചു.

ആബിറും ഭാര്യയും നിരവധിപേരെ ആശുപത്രിയിലെത്തിച്ച് ചികിത്സിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.വിദേശരാജ്യങ്ങളിൽ നിലവിലുള്ള പ്രത്യേകതരം പ്രസവരീതിയാണ് വാട്ടർബെർത്ത്. പൂർണ്ണഗർഭിണിയായ സ്ത്രീ വെള്ളത്തിൽ വച്ച് കുഞ്ഞിന് ജന്മം നൽകുന്ന പ്രസവരീതിയാണിത്. ആധുനിക വൈദ്യശാസ്ത്രം ഇതിനെ അംഗീകരിക്കുന്നില്ലെങ്കിലും ഇന്ത്യയിലടക്കം വാട്ടർബെർത്തിന് വൻ പ്രചാരണം ലഭിക്കുന്നുണ്ട്.