‘തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം’; പോലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊന്ന അജാസിന്റെ മൊഴി രേഖപ്പെടുത്തി

മാവേലിക്കര: വള്ളികുന്നത്ത് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസിന്റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന് അജാസ് മൊഴി നല്‍കി.

കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സൗമ്യ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നുവെന്നും അജാസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജൂണ്‍ പതിനഞ്ചിനാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയ സൗമ്യയെ അജാസ് വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്.

ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ ചികിത്സയിലാണ്. അജാസിന് വ്യക്തമായി സംസാരിക്കാനും മറ്റും ബുദ്ധിമുട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ കഴിയുന്ന അജാസിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ആലപ്പുഴ സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേട്ട് പതിനഞ്ചാം തിയതിയും പതിനാറാം തിയതി ഉച്ചയ്ക്കും എത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാത്രി വൈകിയാണ് മൊഴിയെടുക്കല്‍ നടന്നത്.