വ്യക്തിനിഷ്ഠമായ തീർപ്പുകളാണു പരാജയകാരണം; പാർട്ടിയെ വിമർശിച്ച് വി.എസിൻെറ കത്ത്

ന്യൂഡൽഹി: പാർട്ടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കൊണ്ടുള്ള വിഎസ് അച്യുതാനന്ദന്‍റെ കത്ത് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ. പാർട്ടിനയങ്ങളിൽനിന്നും വ്യതിചലിച്ചുള്ള വ്യക്തിനിഷ്ഠമായ തീർപ്പുകളാണു തിരഞ്ഞെടുപ്പു തോൽവിക്കു കാരണമെന്നാണ് വി.എസ് പറയുന്നത്. പാർട്ടി അതിന്‍റെ നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചുവെന്ന് കുറ്റപ്പെടുത്തുന്നതാണ് വിഎസിന്‍റെ കത്ത്. മൂന്ന് പേജുള്ള ഈ കത്ത് കേന്ദ്രകമ്മിറ്റിയിൽ വിതരണം ചെയ്തു.

പാർട്ടിനയങ്ങളിൽനിന്നും വ്യതിചലിച്ചുള്ള വ്യക്തിനിഷ്ഠമായ തീർപ്പുകളാണു തിരഞ്ഞെടുപ്പു തോൽവിക്കു കാരണമെന്ന് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ വിമർശനം. സംസ്ഥാനത്തു പാർട്ടി മൂലധന ശക്തികൾക്ക് കീഴ്‌പ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റുകൾ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാർട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോൾ പാർട്ടിയുടെയും നേതാക്കളുടെയും പ്രവർത്തനം. അതുകൊണ്ടുതന്നെ വസ്തുനിഷ്ഠമായല്ല, വ്യക്തിനിഷ്ഠമായാണ് സമീപനം.

തൊഴിലാളി-കർഷക പിൻബലത്തിലാണു പാർട്ടി വളർന്നത്‌. ഈ അടിസ്ഥാനഘടകത്തിൽ നിന്നു മാറി ഒരു വിഭാഗം ജനങ്ങളെ അകറ്റി നിർത്തിയാണ് പാർട്ടി മുന്നോട്ടു പോയത്. ഉദാഹരണത്തിനു ഹാരിസൺ ഭൂമി വിഷയത്തിൽ ജനങ്ങൾക്കൊപ്പമല്ല എന്നു തോന്നിക്കുന്ന വിധത്തിലാണു നമ്മുടെ സമീപനം -അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഗുരുതരമായ അവസ്ഥയിലാണ് ഇന്നു പാർട്ടി. കൃത്യമായ പുനർവിചിന്തനം വേണം. വസ്തുനിഷ്ഠമായ സ്വയം വിമർശനവും വിമർശനവും നടത്തണം. അതു ചെയ്യുന്നില്ലയെന്നതാണു പരാജയകാരണം. രാഷ്ട്രീയമായ അച്ചടക്കമാണു പ്രധാനം. അതില്ലാതെ സംഘടനാപരമായ അച്ചടക്കം കൊണ്ടു കാര്യമില്ലെന്നും വി.എസ്. അഭിപ്രായപ്പെട്ടു. ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയണം. ആത്മപരിശോധനയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ സി.പി.എം. കേന്ദ്രനേതൃത്വത്തിനയച്ച കത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.