സ്ത്രീ പ്രവേശനം അയ്യപ്പന്റെ ആഗ്രഹമാണെന്ന് നടന്‍ വിവേക് ഒബ്റോയ്; “രാജ്യത്ത് അടിയന്തിരമായി പരിഹരിക്കേണ്ട മറ്റ് പ്രശ്‌നങ്ങളുണ്ട്”

ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ കോടതി വിധിയെ അനുകൂലിച്ച് നിലപാട് വ്യക്തമാക്കി നടനും അയ്യപ്പഭക്തനുമായ വിവേക് ഒബ്റോയ്.ശബരിമലയിലെ സ്ത്രീ പ്രവേശനവും അയ്യപ്പന്റെ ആഗ്രഹമാണെന്നും സ്ത്രീ സമത്വത്തെ അംഗീകരിക്കണമെന്നും വിവേക് ഒബ്റോയ് പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ചിത്രീകരണത്തിനായി കേരളത്തില്‍ എത്തിയപ്പോഴായിരുന്നു വിവേകിന്റെ പ്രതികരണം.

“ശബരിമലയില്‍ അയ്യപ്പനാണ് ഏറ്റവും വലുത്. എന്ത് സംഭവിച്ചാലും അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പതിനെട്ടുവര്‍ഷമായി താന്‍ ശബരിമലയിലെ സ്ഥിരം സന്ദര്‍ശകനാണ്”

കേരളത്തിലെ സ്ത്രീ സമൂഹം കൂടുതല്‍ പ്രബുദ്ധരും വിദ്യാഭ്യാസവുമുള്ളവരുമാണ്. അതുകൊണ്ട് തന്നെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി അവര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ശബരിമല വിഷയത്തേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന, അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിഷയങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട് . എല്ലാവരുടേയും ഊര്‍ജ്ജം അതിനായി വിനിയോഗിക്കാമെന്നും വിവേക് ഒബ്റോയ് വ്യക്തമാക്കി.