വിസ നിരോധനം നീക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി: മുപ്പത് വയസ്സ് തികയാത്ത ബിരുദ/ ഡിപ്ലോമക്കാര്‍ക്ക് വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി കുവൈറ്റ്. സാമൂഹിക തൊഴില്‍ മന്ത്രി അല്‍ സബീഹിനെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രാദേശികപത്രത്തിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഈ വിഭാഗത്തില്‍പ്പെട്ട 30 വയസ്സ് തികയാത്തവര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ വിസ നല്‍കേണ്ടതില്ലെന്നായിരുന്നു ആദ്യ തീരുമാനം. സ്വകാര്യ, എണ്ണമേഖലകളില്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന നിയമമാണ് നേരത്തെ ജൂലൈ ഒന്നിലേക്ക് മാറ്റിയിരുന്നത്.

എന്നാല്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റി യോഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നിരോധനം നീക്കിയത്. പഠനം പൂര്‍ത്തിയാക്കിയ ഉടനെ പരിശീലനമൊന്നും നേടാതെ കുവൈറ്റില്‍ എത്തുന്നവര്‍ക്ക് ആദ്യ തൊഴിലിടങ്ങള്‍ പരിശീലന കേന്ദ്രങ്ങള്‍ മാത്രമാകുന്നതും തൊഴില്‍ വിപണിയില്‍ വിദേശികളുടെ ആധിക്യവുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്ന കാരണങ്ങള്‍. എന്നാല്‍ ഇപ്പോള്‍ തൊഴില്‍ വിപണിയില്‍ നിയന്ത്രണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.