പശ്ചിമബംഗാളിൽ പരക്കെ സംഘർഷം; ബോംബേറും, ബൂത്ത് പിടിത്തവും ഒഴിയാതെ അവസാന ഘട്ടം

കൊൽക്കത്ത: പശ്ചിമബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. പല ഇടങ്ങളിലും അക്രമവും ബൂത്ത് പിടിത്തവും സംഘർഷവും ബോംബേറും അരങ്ങേറി. നിരവധി സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ തകർത്തു. 710 കമ്പനി കേന്ദ്രസേനയെ പശ്ചിമബംഗാളിൽ വിന്യസിച്ചെങ്കിലും നിരവധി ഇടങ്ങളിൽ അക്രമവും ബൂത്ത് പിടിത്തവും അരങ്ങേറി. രണ്ട് ബിജെപി സ്ഥാനാ‍ർത്ഥികൾക്കെതിരെ അക്രമമുണ്ടായി. കാർ തല്ലിത്തകർത്തു.

24 പർഗാനാസ് ജില്ലയിലാണ് ഏറ്റവുമധികം അക്രമം അരങ്ങേറിയത്. ഗിലാബേറിയയിൽ ബൂത്തിലേക്ക് ബോംബെറിഞ്ഞത് തൃണമൂൽ പ്രവർത്തകരാണെന്ന് ആരോപണമുയർന്നു. കേന്ദ്രസേന ബൂത്തിലേക്ക് കയറ്റിയില്ലെന്നും ഐഡി കാർ‍ഡ് ചോദിച്ചെന്നും കൊൽക്കത്ത സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി മാലാ റോയ് ആരോപിച്ചു. കൊൽക്കത്ത നഗരത്തിൽ ഒരു സംഘം സിപിഎം പ്രവർത്തകർക്കെതിരെ ആക്രമണമുണ്ടായതായും ആരോപണമുണ്ട്.

24 നോർത്ത് പർഗാനാസിലെ സഷനിൽ ഗ്രാമീണർ പാരാമിലിട്ടറി ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഇവിടെ ജവാൻമാർ ജനങ്ങളോട് ബിജെപിക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ടെന്ന് ആരോപണമുയർന്നിരുന്നു.

ജാദവ്പൂർ ബിജെപി സ്ഥാനാർത്ഥി അനുപം ഹസ്റയുടെ കാർ തല്ലിത്തകർത്തു. ഇതിന് പിന്നിൽ ടിഎംസി പ്രവർത്തകരാണെന്ന് ഹസ്റ ആരോപിച്ചു. ഭട്പാര ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ സ്ഥാനാർത്ഥി മദൻ മിത്രയുടെ ബൂത്ത് ഏജന്‍റിലെ പ്രിസൈഡിംഗ് ഓഫീസർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു. പശ്ചിമബംഗാളിലെ ഇസ്ലാം പൂരിലും ബോംബേറുണ്ടായി. ഇവിടെ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ അടിച്ചു തകർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി ഉൾപ്പടെ 59 മണ്ഡലങ്ങളാണ് ഇന്ന് ജനവിധിയെഴുതുന്നത്. പഞ്ചാബിലും ഉത്തർപ്രദേശിലും 13 സീറ്റുകളിലും, 9 സീറ്റുകൾ പശ്ചിമബംഗാളിലും 8 സീറ്റുകൾ ബിഹാറിലും മധ്യപ്രദേശിലും 4 സീറ്റുകൾ ഹിമാചൽ പ്രദേശിലും മൂന്നെണ്ണം ജാർഖണ്ഡിലും ചണ്ഡീഗഢിൽ ഒരു സീറ്റിലും തെരഞ്ഞെടുപ്പ് നടക്കുന്നു.

മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തെത്തുടർന്ന് ഒഴിവു വന്ന പനാജിയിലെ ഒരു സീറ്റിലേക്കും തമിഴ്നാട്ടിൽ നാല് നിയമസഭാ സീറ്റുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നു.