ആരോടുമുള്ള വര്‍ണവിവേചനമല്ല; വിമര്‍ശനത്തിന് മറുപടിയുമായി വിജയ് ബാബു

ഫ്രൈഡേ ഫിലിം ഹൗസിന്റെ കാസ്റ്റിംങ് കോളില്‍ എഴുതിയ പരസ്യത്തിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ നടക്കുന്നത്. പുതിയ സിനിമയിലേക്ക് വെളുത്ത് മെലിഞ്ഞ നായകനെ തേടിയുള്ള പരസ്യത്തിനെതിരെയാണ് വിമര്‍ശനം നടന്നത്. ഈ വിമര്‍ശനത്തിന് മറുപടി നല്‍കുകയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥനും നടനും നിര്‍മാതാവുമായ വിജയ് ബാബു.

ഞാന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്. ആ സിനിമയില്‍ ഏകദേശം ഇരുപത്തിയഞ്ചോളം പുതുമുഖതാരങ്ങളുണ്ട്. ഈ കഥാപാത്രത്തെ മാത്രമല്ല മറ്റു 24 ആളുകളെയും തേടുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെക്കുറിച്ചാണ് കാസ്റ്റിങ് കോളില്‍ എഴുതിയിരിക്കുന്നത്. ഞാനിപ്പോഴും അതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു-എന്നാണ് വിജയ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

വെളുത്ത് മെലിഞ്ഞ സുന്ദരനായ അഭിനേതാവിനെ ക്ഷണിക്കുന്നുവെന്നും കേരളത്തിന് പുറത്ത് പഠിച്ചുവളര്‍ന്ന മലയാളിയുടെ എടുപ്പും നടപ്പും വര്‍ത്തമാനവും ആയിരിക്കണം എന്നതായിരുന്നു പോസ്റ്റ്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്റ്റ് എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.