വെഞ്ഞാറമൂടിന് സ്വന്തമായി 50 എഴുത്തുകാർ

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ 50 എഴുത്തുകാരുടെ അഞ്ഞൂറോളം പുസ്തകങ്ങൾ നിരത്തി “നാട് എഴുതുമ്പോൾ”എന്ന പുസ്തക പ്രദർശനം ഏറെ ശ്രദ്ധേയമായി. എഴുത്തുകാരുടെ അഞ്ഞൂറോളം പുസ്തകങ്ങളായിരുന്നു പ്രദർശനത്തിൽ എത്തിച്ചത്. പുരോഗമന കലാസാഹിത്യ സംഘം വെഞ്ഞാറമൂട് മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയതായിരുന്നു പ്രദർശനം.

പുസ്തക പ്രദർശനത്തിൽ നിന്ന്

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ എസ് ആർ ലാൽ, അമൽ പിരപ്പൻകോട് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരാജ് വെഞ്ഞാറമൂട്, നാടക പ്രതിഭകളായ അശോക് ശശി ,ആലന്തറ ജി കൃഷ്ണപിള്ള ,സതീഷ് ജി നായർ ,പ്രശസ്ത കവികളായ പ്രൊഫസർ ആർ രമേശൻ നായർ, വി എസ് ബിന്ദു , വിഭു പിരപ്പൻകോട്, പിരപ്പൻകോട് അശോകൻ തുടങ്ങി 50 ൽ കൂടുതൽ എഴുത്തുകാരുടെ പുസ്തകങ്ങൾ ഒരുമിച്ചു ചേർന്ന പുസ്തക പ്രദർശനം എഴുത്തുകാർക്കും വായനക്കാർക്കും ഒരുപോലെ സന്തോഷം നൽകുന്നതായി മാറി .ഇത്രത്തോളം എഴുത്തുകാർ വെഞ്ഞാറമൂട് ഉള്ളവരാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞത് ഈ പുസ്തക പ്രദർശനത്തിലൂടെ ആണ് എന്ന് പ്രദർശനം കണ്ടിറങ്ങിയവർ പറയുന്നു.

എഴുത്തുകാരുടെയും വായനക്കാരുടെയും സംഗമവേദിയായി മാറിയ പുരോഗമനകലാസാഹിത്യസംഘം വെഞ്ഞാറമൂട് മേഖലാ സമ്മേളനത്തിൽ പുസ്തക പ്രദർശനം സമ്മേളന നഗരിയെ തികച്ചും വ്യത്യസ്ഥമാക്കിമാറ്റുകയായിരുന്നു. പുസ്തകപ്രദർശനത്തിനോടൊപ്പം കേരള ലളിതകലാ അക്കാദമി പുരസ്കാരം നേടിയ ചിത്രകാരി അഹല്യയുടെയും,പത്താം ക്ലാസ് വിദ്യാർത്ഥിനി നികിതയുടയും ചിത്ര പ്രദർശനങ്ങളും, ഫാസിസത്തിന് എതിരെ ഉള്ള സുരേഷ് പോളിന്റെ ഫോട്ടോ പ്രദർശനവും ഉണ്ടായിരുന്നു. പ്രദർശനങ്ങളുടെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻറ് കാരയ്ക്കമണ്ഡപം വിജയകുമാർ നിർവഹിച്ചു.

പുസ്തക പ്രദർശനം വരും നാളുകളിൽ കുടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് നാട് എഴുതുമ്പോൾ പ്രദർശനത്തിന്റെ കൺവീനർ സതീഷ് ജി നായർ പറഞ്ഞു.