മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസ് എടുക്കണമെന്ന് കോടതി

ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.

മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാരോപിച്ച് എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതിനല്‍കിയ ഹര്‍ജിയിലാണ് ചെങ്ങന്നൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ കേസ് ഇരുവര്‍ക്കും കനത്ത തിരിച്ചടിയാകും. ഇതില്‍ വെള്ളാപ്പള്ളി നടേശനും മകനും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുക്കാനാണ് കോടതിയുടെ ഉത്തരവ്.

ചെങ്ങന്നൂര്‍ ചെറിയനാട് ഇടമുറി എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറി സുദര്‍ശനന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് രേഖാമൂലം ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയതോടെപ്പം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി താലൂക്ക് യൂണിയന്റെ കീഴില്‍ 45 വ്യാജ സംഘങ്ങള്‍ രൂപീകരിച്ചാണ് മുന്‍ ഭരണസമിതി വായ്പ എടുത്തത്. ആറുകോടിയിലധികം രൂപയുടെ തട്ടിപ്പില്‍ 1426 കുടുംബങ്ങളാണ് കുടുങ്ങിയത്.