തലസ്ഥാന നഗരിയില്‍ വാഹന പണിമുടക്ക്‌ പൂര്‍ണം; സ്വകാര്യ വാഹനങ്ങള്‍ മാത്രം ഓടുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലും തെക്കന്‍ ജില്ലകളിലും ജനജീവിതം സ്തംഭിച്ച നിലയിലാണ്. വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത മോട്ടോര്‍വാഹന പണിമുടക്ക് പൂര്‍ണമാണ്. കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ കൂടി സമരം പ്രഖ്യാപിച്ചതോടെ ജനജീവിതം സ്തംഭിച്ചു. ട്രെയിനുകളില്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ രോഗികള്‍ക്ക് പോലീസ് ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി തന്നെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക്.