ഭഗവാന് മരണമുണ്ടോ ? ‘ വീണ്ടും ഭഗവാന്റെ മരണ’വുമായി കനൽ തീയേറ്റേഴ്സ്

Catherine Kinattukara

കല കാലത്തോടുള്ള കലഹമാണെന്ന ആശയത്തെ ദൃശ്യവത്കരിച്ച രൂപമാണ് കനല്‍ സാംസ്‌കരിക വേദിയുടെ നിര്‍മിതിയായ വീണ്ടും ഭഗവാന്റെ മരണം എന്ന നാടകം. കെ.ആര്‍.മീരയുടെ ഭഗവാന്റെ മരണം എന്ന കഥയെ മൂലകൃതിയായി സ്വീകരിച്ച് നാടകം അണിയിച്ചൊരുക്കുന്ന ഒരു കൂട്ടം നാടക കലാകാരന്‍മാരുടെ പരിശീലനത്തിലേയ്ക്കാണ് ഹസിം അമരവിള സംവിധാനം ചെയ്ത ഈ നാടകം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്.

മീരയുടെ കഥയിലെ ഭഗവാന്‍, അമര, മല്ലപ്പ,എന്നിങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ കഥയുടെ തീവ്രതയിലേയ്ക്ക് പ്രേക്ഷകര്‍ ആഴ്ന്നിറങ്ങുമ്പോഴേയ്ക്കും, പലപ്പോഴായി തുടര്‍ച്ചയുടെ രസച്ചരട് പൊട്ടിച്ച്, ഇതൊരു നാടകത്തിന്റെ റിഹേഴ്‌സല്‍ മാത്രമാണെന്ന് ഓര്‍മിപ്പിച്ച് കൊണ്ട് കഥാപാത്രങ്ങള്‍ അഭിനേതാക്കള്‍ ആയി മാറുന്നു. ബ്രഹത്തിന്റെ ഏലിയനേഷന്‍ തിയറിയുടെ രംഗാവിഷ്‌കരണം ആണിവിടെ കാണുന്നത്.

Image may contain: 2 people, people playing musical instruments, beard and night

താഴ്ന്ന സമുദായത്തില്‍ പെട്ട കാവേരിയുമായി പ്രണയത്തിലാവുന്ന അമര എന്ന യുവാവ് തന്റെ വിവാഹം നടത്തിക്കിട്ടുവാന്‍ മല്ലപ്പ എന്ന സവര്‍ണ നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം നിരീശ്വരവാദിയും വിദ്യാസമ്പന്നനും മനുഷ്യസ്‌നേഹിയുമായ പ്രഫസര്‍ ഭഗവാനെ കൊല്ലാന്‍ എത്തുകയാണ്. ഭഗവാനെ കണ്ടുമുട്ടുമ്പോള്‍, അദ്ദേഹവുമായി സമയം ചിലവിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ മാനസിക പരിവര്‍ത്തനങ്ങളിലൂടെ കടന്ന് പോവുകയാണ് അമര. ഭഗവാന്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഘാതകനായ മല്ലപ്പയെ പുതിയൊരു തിരിച്ചറിവിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവുന്ന അമരയാണ് മീരയുടെ കഥാ തന്തു. നാടകത്തില്‍ അമരയുടെയും കാവേരിയുടെയും പ്രണയം മൊട്ടിടുന്നത് കാണികള്‍ക്കിടയിലാണ്.

Image may contain: one or more people and shoes

വര്‍ഗ്ഗ വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ കറുപ്പിനെയും വെളുപ്പിനെയും അവര്‍ണനെയും സവര്‍ണനെയും രാഷ്ട്രീയ വിഭജനങ്ങളെയും ചര്‍ച്ചാ വിഷയങ്ങളാക്കി നാടകസംഘം മുന്നോട്ട് പോവുന്നു. പലപ്പോഴും നാടകത്തിലെ നാടകത്തില്‍ ഉറക്കെ വിളിച്ച് പറയുന്ന ആശയങ്ങളെ ജീവിത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നുണ്ട് അഭിനേതാക്കള്‍. പ്രോപ്പര്‍ട്ടി മാനേജരടക്കം ഓരോരുത്തരിലും ഉറഞ്ഞ് കൂടിയ അഭിനയ മോഹത്തെ തുറന്ന് കാണിക്കുമ്പോള്‍ ഒരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന്റെ ആന്തരിക സംഘര്‍ഷങ്ങളിലേയ്ക്കും ഈ നാടകം കടന്ന് ചെല്ലുന്നു. ആളൊഴിഞ്ഞ അരങ്ങില്‍ പ്രൊപ്പര്‍ട്ടി മാനേജരും അമരയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനും തമ്മില്‍ നടക്കുന്ന സംഭാഷണം ഒരു വേള ചെക്കോവിന്റെ സ്വാന്‍സോങ്ങിനെ അനുസ്മരിപ്പിച്ചെങ്കിലും പിന്നീട് ഗതി മാറിയൊഴുകി. റിഹേഴ്‌സലിനിടയില്‍ അതിന്റെ ഭാഗമായി നാടകത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്ന അഭിനേതാക്കള്‍ മെറ്റാഫിക്ഷന്‍ സ്വഭാവവും പ്രകടമാക്കുന്നു.

Image may contain: 1 person, on stage, standing, night and shoes

 

വ്യത്യസ്തമായ ആശയം പങ്കുവയ്ക്കുന്നു എന്ന കാരണത്താൽ ഒരു കലാരൂപമായ നാടകത്തെ പോലും വ്യക്തമായ രാഷ്ട്രീയ അജണ്ടയുള്ള പോലീസ് എങ്ങനെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും, അവർ അധികാരികളുടെ ഭയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും നാടകം പറയാതെ പറയുന്നു. നാടകത്തിനുള്ളിലെ ഇതര മതസ്ഥരുടെ വിവാഹത്തെ മഹത്വവത്കരിക്കുന്ന ആർട്ടിസ്റ്റുകൾ, അവർക്കിടയിലെ രണ്ടു മതസ്ഥരുടെ പ്രണയത്തെയും വിവാഹത്തെയും പക്ഷെ, അംഗീകരിക്കാൻ ഒരൽപം സമയമെടുക്കുന്നു. പോലീസ് ഇവരുടെ വിവാഹത്തെ കുറ്റമായിക്കാണുന്നത് ആശയങ്ങളുടെ വൈരുദ്ധ്യം കൊണ്ടാവുമ്പോൾ,നാടകക്കാര്‍ക്കിടയില്‍  അത് തലമുറകളുടെ അന്തരം മൂലം അംഗീകരിക്കാൻ ബുദ്ധിമുട്ടുനേരിടുന്ന ഒരു വൃദ്ധന്റെ താത്കാലിക എതിർപ്പ് മാത്രമാണ്. കഥയിലും യാഥാർഥ്യത്തിലും ഒരുപോലെ കെട്ടുപിണഞ്ഞ് കിടക്കുന്ന ‘വീണ്ടും ഭഗവാന്റെ മരണം’ എന്ന നാടകം പ്രേക്ഷകന്റെ പ്രതീക്ഷകളെ നശിപ്പിക്കാത്ത പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്.
Image may contain: one or more people, night and outdoor

 

നാടകം ഇനി നടക്കില്ലെന്ന് അറിയിച്ച് പോലീസ് കാണികളെ ഇറക്കി വിടുന്ന അവസാന രംഗത്തില്‍ ഒരു നാടകം കണ്ട് തീര്‍ത്ത സംതൃപ്തിയേക്കാള്‍ ഉപരി, ഒരു നാടകം എങ്ങനെയൊക്കെ അമര്‍ച്ച ചെയ്യപ്പെട്ടു എന്ന ചിന്തകളാവും പ്രേക്ഷകന്റെ മനസ്സില്‍ മഥിക്കുക.

ഇന്നും നാളെയും തിരുവനന്തപുരം സൂര്യഗണേശം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30 ന് പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.