വയലാറിന്റെ ജീവിതം സിനിമയാകുന്നു, പ്രമോദദ് പയ്യന്നൂര്‍ സംവിധായകന്‍

കൊച്ചി: മലയാളികളുടെ മനസ്സിൽ മായാത്ത ഇടം നേടിയ വയലാർ രാമവർമ്മയുടെ ജീവിതം ചലച്ചിത്രമാകുന്നു. ബയോപിക്കിന്റെ പുതിയ ശൈലിയിലാണ്
ചിത്രം ഒരുക്കുന്നത്. കൊറോണക്കാലത്തെ ചലച്ചിത്ര പ്രതിസന്ധിയടക്കം, മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനപ്രിയ ചലച്ചിത്രമായിരിക്കുമിതെന്ന്
അണിയറ പ്രവർത്തകർ പറഞ്ഞു.
വയലാർ ജീവിതം, മലയാള സിനിമയുടെ സുവർണ്ണകാലം, പുന്നപ്ര-വയലാർ സമരം എന്നിങ്ങനെ വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്.
സ്‌ക്രീനിലും സാങ്കേതിക രംഗങ്ങളിലുമായി പ്രഗത്ഭരുടെ സാന്നിദ്ധ്യം ചിത്രത്തിനു പിന്നിലുണ്ടാകും.

വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയ്‌ക്ക്
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചലച്ചിത്രം ഒരുക്കിയ, പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.
വയലാറിനെക്കുറിച്ച് ദൃശ്യമാധ്യമരംഗത്ത് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ ചെയ്ത സംവിധായകൻ കൂടിയാണ് പ്രമോദ്. ലൈൻ ഓഫ് കളേഴ്‌സിന്റെ
ബാനറിൽ അരുൺ എം.സി.യും സലിൽ രാജും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ. രതീഷ് സുകുമാരനും, കെ .
ബിനുകുമാറുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സിനിമയുടെ വിശദവിവരങ്ങൾ ഉടൻ പുറത്തുവരും