വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫ് മയം; മുന്നേറ്റത്തിൽ വി കെ പ്രശാന്ത്

തിരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോൾ വട്ടിയൂർക്കാലും കോന്നിയിലും എൽഡിഎഫും മറ്റു മൂന്നിടത്തും യുഡിഎഫും മുന്നേറുന്നു. മഞ്ചേശ്വരത്ത് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി എം. സി. കമറുദ്ദീൻ മുന്നേറുന്നു. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി. കെ. പ്രശാന്ത് തുടക്കം മുതൽ ലീഡ് നിലനിർത്തുമ്പോൾ കോന്നിയിലും അട്ടിമറി സാധ്യത. വി കെ പ്രശാന്ത് 7286 വോട്ടുകൾക്ക് വളരെ ശക്തമായ ഭൂരിപക്ഷം നിലനിർത്തുകയാണ്.  കോന്നിയിൽ ജനീഷ്‌കുമാർ 4518 വോട്ടുകൾക്ക് മുന്നിലാണ്.

ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ. കോന്നിയില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കില്‍ അടൂര്‍ പ്രകാശിനു മറുപടി പറയേണ്ടി വരും. അരൂരിനു പുറമേ വട്ടിയൂര്‍ക്കാവും കോന്നിയും വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.