തോറ്റുകൊടുക്കാന്‍ വസീല തയ്യാറല്ല, എല്ലാ എ പ്ലസ് വിജയവുമായി വേദനമറന്നു

തിരുവനന്തപുരം: ഇരുകാലുകള്‍ക്ക് മുകളിലൂടെ
ബസ്സിന്റെ ചക്രങ്ങള്‍ കയറി ഇറങ്ങിയിട്ടും ആ
വേദനകള്‍ക്ക് മുന്‍പില്‍ തോറ്റു കൊടുക്കാന്‍ അവള്‍
തയ്യാറായില്ല. പിന്നെയല്ലേ പരീക്ഷ!
ചികിത്സയും ആശുപത്രി വാസവുമായി
ദിവസങ്ങള്‍ പോകുമ്പോഴും വസീല തന്റെ പാഠ
പുസ്തകങ്ങള്‍ വിടാതെ മുറുകെ പിടിച്ചു.
വലിയാപ്പയുടെ കരങ്ങളിലേറി അവള്‍ പരീക്ഷ
എഴുതാന്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെത്തിയത് വലിയ
വാര്‍ത്തയും ചിത്രവുമായി.
ഒടുവില്‍ എസ്എസ്എല്‍സി റിസള്‍ട്ട്
വന്നപ്പോള്‍ മധുരമേറെയുള്ള ഒരു ജയം. മുഴുവന്‍
വിഷയത്തിലും എപ്ലസ്.
വേദനകള്‍ക്ക് മുമ്പില്‍ തളരാതെ പൊരുതിയ
വസീലയെ മേയര്‍ കെ.ശ്രീകുമാര്‍ വീട്ടില്‍ ചെന്ന്
നഗരസഭയുടെ ആദരവ് അറിയിച്ചു.
വസീല സ്‌കൂളില്‍നിന്ന് കഴിഞ്ഞ
ഡിസംബറില്‍ വീട്ടിലേക്ക് പോവനൊരുങ്ങുമ്പോഴാണ്
അപകടം സംഭവിച്ചത്.
തന്നെ ചേര്‍ത്തുപ്പിടിച്ച് വിജയ
വഴിയിലേക്കെത്തിച്ച കോട്ടണ്‍ഹില്‍ സ്‌കൂളിലെ
അധ്യാപകരോട് വലിയ നന്ദിയാണ് വസീലക്ക്
പറയാനുള്ളത്.
കൊച്ചുവേളി കരീം മന്‍സിലില്‍ ആര്‍ട്ടിസ്റ്റ്
ഷെരീഫിന്റെയും ഷംലയുടെയും മകളാണ് വസീല.
ഫാത്തിമയും ഷാനിഫയും സഹോദരിമാരാണ്.
വസീലയുടെ വിജയമറിഞ്ഞ്
അഭിനന്ദനമറിയിക്കാന്‍ ഗവര്‍ണര്‍ രാജ്ഭവനിലേക്ക്
ക്ഷണിച്ചതിന്റെ സന്തോഷത്തിലും കൂടിയാണ് ഇപ്പോള്‍
വസീലയുടെ കുടുംബം.
തന്റെ വിജയ വാര്‍ത്തയറിഞ്ഞ് കോവിഡ്
തിരക്കുകള്‍ക്കിടയിലും തന്നെ കാണാനെത്തിയ
മേയറോടും വസീല പ്രത്യേകം നന്ദി പറഞ്ഞു