വാക്കുപാലിച്ച് സര്‍ക്കാര്‍; ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് ജോലി നല്‍കിക്കൊണ്ടുള്ള നിയമന ഉത്തരവ് എറണാകുളം ജില്ലാകളക്ടര്‍ വീട്ടിലെത്തി കൈമാറി. റവന്യൂ വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായാണ് അഖിലയെ നിയമിച്ചിരിക്കുന്നത്.

ജോലി ലഭിച്ചതില്‍ സന്തോഷമുണ്ട്,എങ്കിലും കേസിന്‍മേല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്മാറില്ല. മുഖ്യമന്ത്രി എത്താത്തതില്‍ ദുഃഖമുണ്ട്. ധനസഹായം നല്‍കാനെങ്കിലും അദ്ദേഹം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.സര്‍ക്കാര്‍ ജോലി ശ്രീജിത്തിന്റെ ജീവന് പകരമാവില്ല എന്നും കുടുംബം പറഞ്ഞു.

ശ്രീജിത്തിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധന സഹായം നല്‍കാനും ശ്രീജിത്തിന്റെ ഭാര്യയ്ക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് ത്രീ തസ്തികയില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നതിനെ തുടര്‍ന്നാണ് നിയമനം.

ാേവരാപ്പുഴ ദേവസ്വം പാടത്ത് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. ആക്രമത്തില്‍ മനം നൊന്ത് വീട്ടുടമ ആത്മഹത്യ ചെയ്തു. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്ന് അവസനായ ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.