വന്നേരി ബൈക്കപകടം ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുന്നു; അന്വേഷണത്തിന് പിന്നിൽ അവയവ മാഫിയ എന്ന സംശയം

മലപ്പുറം: മൂന്നുവര്‍ഷം മുമ്പ് പെരുമ്പടപ്പില്‍ നടന്ന ബൈക്കപകടത്തിൽ മരിച്ച കുട്ടികളുമായി ബന്ധപ്പെട്ട് മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കുട്ടികളുടെ മരണത്തിന് പിന്നില്‍ അവയവമാഫിയകളാണെന്ന് നേരത്തേ കുട്ടികളുടെ പിതാവ് ആരോപിച്ചതിനാലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഡി.വൈ.എസ്.പി കെ.വി അബ്ദുള്‍ഖാദറാണ് കേസന്വേഷിക്കുന്നത്. വ്യാഴാഴ്ച അദ്ദേഹം അപകട സ്ഥലം സന്ദര്‍ശിച്ചു.

2016 നവംബര്‍ 20-നാണ് പെരുമ്പടപ്പില്‍ ബൈക്കപകടത്തില്‍ തൃശ്ശൂര്‍ ചാവക്കാട് സ്വദേശികളായ നജീബുദ്ദീന്‍ (16), സുഹൃത്ത് വന്നേരി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന വന്നേരി കോരുവളപ്പില്‍ ഹനീഫയുടെ മകന്‍ വാഹിദ് (16) എന്നിവര്‍ മരിച്ചത്.

വന്നേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മേള കാണാനെത്തിയ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. വാഹിദ് ആശുപത്രിയിലേക്കുള്ള വഴിയിലും നജീബുദ്ദീന്‍ മൂന്നാംദിവസവും മരിച്ചു.

നജീബിന്റെ പിതാവ് മൂത്തേടത്ത് ഉസ്മാന്‍ ഇത് അപകടമരണമല്ലെന്നും ഇതിനു പിന്നില്‍ അവയവമാഫിയകളാണെന്നും ആരോപിക്കുകയായിരുന്നു. പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരന്വേഷണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തനിക്കെതിരേ വധശ്രമമുണ്ടായെന്നും പിതാവ് ആരോപിച്ചിരുന്നു.

അപകടസമയത്ത് നജീബുദ്ദീന്റെ മുഖത്തുമാത്രമാണ് മുറിവുണ്ടായിരുന്നതെന്നും മരണത്തിനുശേഷമെടുത്ത ചിത്രങ്ങളില്‍ ശരീരത്തില്‍ പലയിടങ്ങളിലും ശസ്ത്രക്രിയ നടത്തിയ പാടുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇവരെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ച് ഒരു വിവരവുമില്ല. ഇതുസംബന്ധിച്ച രേഖകളും മറ്റും ശേഖരിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും അദ്ദേഹം പരാതിനല്‍കിയിരുന്നു.