വാളയാർ കേസ്: അപ്പീൽ നൽകുമെന്ന് പോലീസ്

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണം സംബന്ധിച്ച കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരേ പോലീസ് അപ്പീൽ നൽകും. ഇതിനുള്ള നിയമോപദേശം ലഭിച്ചതായി തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, ഇനിയൊരു പോലീസന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

മൂത്ത പെൺകുട്ടിയെ പ്രതികളിലൊരാൾ പീഡിപ്പിക്കുന്നത് താനും ഭർത്താവും നേരിൽക്കണ്ടിരുന്നുവെന്ന് അമ്മ പറഞ്ഞിരുന്നു . ഈവിവരം അന്വേഷണസംഘത്തിന് മുന്നിലും കോടതിയിലും പറഞ്ഞിട്ടും നീതികിട്ടിയില്ല. പ്രതികൾക്ക് സി.പി.എം. ബന്ധമുണ്ടെന്നും ഇവർ ആരോപിച്ചു.

അന്വേഷണത്തിലെ പിഴവാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നാരോപിച്ച് യുവജന സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. യഥാർത്ഥ പ്രതികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ ഇന്ന് എസ് പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

പ്രതിക്ക് വേണ്ടി ഹാജരായയാളെ സി ഡബ്യൂസി ചെയർമാൻ ആക്കിയതിനെതിരെ വെൽഫെയർ പാർട്ടി സി ഡബ്ല്യു സി ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ 11 മണിയോടെയാണ് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പെൺകുട്ടികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നാണ് വിവരം. രാവിലെ 10 മണിയോടെ ബിജെപി നേതാവ് കെ സുരേന്ദ്രൻ പെൺകുട്ടികളുടെ വീട് സന്ദർശിക്കും. വൈകീട്ട് വി എം സുധീരനും അട്ടപ്പളളത്തെത്തുന്നുണ്ട്.

സി.പി.എം. ജില്ലാനേതൃത്വം കുട്ടികളുടെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ടു. പ്രതികളെ വെറുതെവിടാനുള്ള വിധിയുണ്ടായത് പ്രോസിക്യൂഷന്റെ വീഴ്ചയാണോ അതോ അന്വേഷണത്തിലെ വീഴ്ചയാണോ എന്ന്‌ പരിശോധിക്കണമെന്നും പാർട്ടി ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

രണ്ട്‌ കേസിന്റെയും വിധിപ്പകർപ്പ്‌ കിട്ടിയാലുടൻ അപ്പീൽനൽകുമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽനടന്ന കോടതിവിധികളിൽ ഒരു പ്രതിയെ ആദ്യം വെറുതെവിട്ടതിന്റെ വിധിപ്പകർപ്പ് പോലീസിന്‌ കിട്ടിയതായി ഡി.െഎ.ജി. പറഞ്ഞു.