പാകിസ്ഥാനോട് ഇനി ക്ഷമയില്ല; പുതിയ നീക്കവുമായി യുഎസ്

വാഷിങ്ടന്‍: ഭീകരര്‍ക്കു സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാനെതിരെ ‘പുതിയ വഴിയില്‍’ നീങ്ങാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. കാലങ്ങളായി തുടരുന്ന തന്ത്രപരമായ ക്ഷമയും മറ്റും ഇനി പാക്കിസ്ഥാന്റെ അടുത്തെടുത്തിട്ടു കാര്യമില്ലെന്നു വിലയിരുത്തിയാണു പുതിയ നീക്കവുമായി യുഎസ് എത്തിയിരിക്കുന്നത്. ഇതുവഴി ഭീകരര്‍ക്കു സുരക്ഷിത താവളമായി പാക്കിസ്ഥാന്‍ മാറുന്ന സാഹചര്യം ഒഴിവാക്കുകയും യുഎസിനും അവരുടെ സഖ്യകക്ഷികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുകയുമാണു ലക്ഷ്യമിടുന്നത്, ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം യുഎസ് ഭരണകൂടം എടുത്ത പല വിജയകരമായ നയങ്ങളും പാക്കിസ്ഥാന്റെ കാര്യത്തില്‍ ഫലപ്രദമായില്ല. പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനോ ഭീകരര്‍ക്കു സുരക്ഷിത താവളം ആകുന്നത് അനുവദിക്കാനാകില്ല. മേഖലയുടെ സ്ഥിരതയെ ആണ് ഇതു ബാധിക്കുക. ആഗോള തലത്തില്‍ ഭീകരപ്രവര്‍ത്തനത്തിന് ഇതു പ്രോത്സാഹനമാകുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ഭരണകൂടങ്ങള്‍ തന്ത്രപരമായ ക്ഷമ എന്ന നയം സ്വീകരിക്കുകയും ഭീകരരെ തുരത്താന്‍ പാക്കിസ്ഥാന് ബില്യണ്‍ കണക്കിനു പണം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഫലപ്രദമായില്ല. പാക്കിസ്ഥാനില്‍ ഭീകരര്‍ സ്വതന്ത്രമായി വിഹരിക്കുകയാണ് ഉണ്ടായത്. മാത്രമല്ല, ഭീകര സംഘടനകളും ഭരണകൂടവും തമ്മില്‍ ശക്തമായ ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി പുതിയ നയങ്ങള്‍ സ്വീകരിക്കേണ്ട സമയമായെന്നാണു യുഎസ് ഭരണകൂടം വിശ്വസിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ പുരോഗതിയുണ്ടാക്കാനാണു ശ്രമിക്കുന്നത്. അതിന് ഇത്തരം ഭീകര സങ്കേതങ്ങള്‍ ഭീഷണിയാണ്. അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയുണ്ടാക്കണമെന്ന കാര്യത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്.

ട്രംപിന്റെ തെക്കന്‍ ഏഷ്യന്‍ നയതന്ത്രത്തെക്കുറിച്ചും ഉദ്യോഗസ്ഥന്‍ സംസാരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ആശങ്കകള്‍ കുറയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ കണ്ണിലൂടെയല്ല പാക്കിസ്ഥാനെ കാണുന്നത്. മേഖലയെ മൊത്തമായി നോക്കിക്കാണുകയും യുഎസിന്റെ ഭാവി ഭദ്രമാക്കുകയുമാണ് ഞങ്ങളുടെ ശ്രദ്ധ, അദ്ദേഹം വ്യക്തമാക്കി.