ബജറ്റ് പാസായില്ല; അമേരിക്കന്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ധനകാര്യബില്‍ പാസ്സാവാത്തതിനേത്തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. വോട്ടെടുപ്പില്‍ സെനറ്റര്‍മാര്‍ തമ്മില്‍ സമവായത്തിലെത്താത്തതിനെ തുടര്‍ന്നാണ് ബില്‍ പാസ്സാവാതെ പോയത്. ഇതോടെ അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റിന് സെനറ്റിന്റെ അനുമതി ലഭിച്ചില്ല.

2013-ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് അമേരിക്ക ഇതിന് മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ടത്. അന്ന് പതിനാറ് ദിവസത്തോളം സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബില്‍ പാസാക്കുന്നതിനുള്ള അവസാന സമയം. എന്നാല്‍ ഡെമോക്രാറ്റുകളുമായ സമവായത്തിലെത്താന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായില്ല. ഇതേ തുടര്‍ന്ന് ബില്‍ പാസാക്കന്‍ വേണ്ട ഭൂരിപക്ഷം ലഭിക്കാതെ പോകുകയായിരുന്നു.

അതേസമയം ഫെഡറല്‍ സേവനങ്ങളും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരില്ല. കഴിഞ്ഞ തവണ പ്രതിസന്ധി ഉണ്ടായപ്പോള്‍ ദേശീയ ഉദ്യോനങ്ങളും സ്മാരകങ്ങളും അടച്ചുപൂട്ടിയതോടെ വന്‍ജനരോഷമാണ് അമേരിക്കയില്‍ ഉണ്ടായത്. ട്രംപ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷവേളയിലാണ് പുതിയ പ്രതിസന്ധിയെന്നത് റിപ്പബ്ലിക് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കും.

കുടിയേറ്റക്കാരുടെ മക്കള്‍ക്ക് സംരക്ഷണം ബജറ്റില്‍ ഉല്‍പ്പെടുത്തണമെന്ന് നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറാകാത്തതാണ് സെനറ്റില്‍ കടുത്ത ഭിന്നത രൂപപ്പെട്ടത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കി മുന്‍ നിലപാടില്‍ റിപ്പബ്ലിക്കുകള്‍ ഉറച്ച് നില്‍ക്കാനിടയില്ല. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ട്രംപ് ഭരണകൂടം നിലപാട് മയപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.