താലിബാന്റെ അമ്പതിലധികം കമാന്‍ഡര്‍മാരെ വധിച്ചതായി യുഎസ്

 

കാബൂള്‍: താലിബാന്റെ ശക്തി കേന്ദ്രമായ അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ താലിബാന്റെ അമ്പതിലധികം കമാന്‍ഡര്‍മാരെ വധിച്ചതായി യുഎസ് സൈന്യം അറിയിച്ചു. താലിബാനേറ്റ വലിയ തിരിച്ചടിയാണിതെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് മിലിട്ടറി വക്താവ് ലഫ്. കേണല്‍ മാര്‍ട്ടിന്‍ ഒ’ ഡോണല്‍ പറഞ്ഞു. ഹെല്‍മന്ദ് പ്രവിശ്യയിലെ മൂസാഖ്വാല ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള താലിബാന്‍ നേതാക്കള്‍ യോഗം ചേരവെ യുഎസ് സേന റോക്കറ്റാക്രമണം നടത്തുകയായിരുന്നു.

അഫ്ഗാനിസ്ഥാനിലുടനീളം താലിബാന്‍ ആക്രമണം ശക്തമായതിനിടെയാണ് കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. യുഎസിന്റെ അവകാശവാദം പ്രചരണകതന്ത്രം മാത്രമാണെന്ന് താലിബാന്‍ വക്താവ് ഖ്വാരി യൂസഫ് പറഞ്ഞു. സിവിലിയന്മാരുടെ രണ്ടു ഭവനങ്ങളിലായിരുന്നു ആക്രമണം നടന്നതെന്നും അഹമ്മദ് അവകാശപ്പെട്ടു.

കാബൂളില്‍ അതീവസുരക്ഷയുള്ള ആഭ്യന്തരമന്ത്രാലയം താലിബാന്‍ ആക്രമിച്ചു. രണ്ടുമണിക്കൂറെടുത്താണ് സുരക്ഷാസേന അക്രമികളെ അവിടെ നിന്നും ഒഴിപ്പിച്ചത്. താക്കര്‍ പ്രവിശ്യയില്‍ ഗവര്‍ണറുടെ വസതിക്കുനേര്‍ക്കും പോലീസ് ആസ്ഥാനത്തിനുനേര്‍ക്കും ആക്രമണമുണ്ടായി . ഇതിനിടെ ഇന്നലെ കാബൂളില്‍ ആഭ്യന്തരമന്ത്രാലയത്തിനു സമീപം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

പത്തുഭീകരരാണ് ആക്രമണത്തിനെത്തിയതെന്നും എല്ലാവരും കൊല്ലപ്പെട്ടെന്നും മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. മന്ത്രാലയത്തിലേക്കുള്ള ആദ്യ ചെക്കുപോസ്റ്റില്‍ കാര്‍ബോംബ് സ്‌ഫോടനം നടത്തിയ ഭീകരര്‍ പിന്നീട് വെടിവയ്പാരംഭിക്കുകയായിരുന്നു. സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ ഏറെ സമയം നീണ്ടു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.