യു.എസ് വൈസ് പ്രസിഡന്റിനെ വിവരമില്ലാത്തവനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് ഉത്തരകൊറിയന്‍ ഉപമന്ത്രി

സോള്‍: യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെ വിവരമില്ലാത്തവനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് ഉത്തര കൊറിയന്‍ വിദേശകാര്യ ഉപമന്ത്രി ചോസോന്‍ ഹു. യു.എസ്-ഉത്തര കൊറിയ കൂടിക്കാഴ്ച റദ്ദുചെയ്യുമെന്ന ഭീക്ഷണികള്‍ നിലനല്‍ക്കുന്നതിനിടയില്‍ ആണ് സംഭവം. ചോ സോന്‍ ഹു കൊറിയന്‍ മാധ്യമമായ കെ.എ.സി.എന്‍.എ ന്യൂസ് ഏജന്‍സിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് യു.എസ് വൈസ് പ്രസിഡന്റിനെതിരെയുള്ള വിമര്‍ശനം ഉള്ളത്.

അമേരിക്കയോട് കളിക്കുന്നത് ഉത്തര കൊറിയ ചെയ്യുന്ന വലിയ തെറ്റാണ്, യു.എസുമായി ഒത്തുതീര്‍പ്പുകള്‍ക്കു തയാറായില്ലെങ്കില്‍ ലിബിയുടെ വിധിയായിരിക്കും ഉത്തര കൊറിയയ്ക്കും എന്ന് മൈക്ക് പെന്‍സ് രാജ്യാന്തര മാധ്യമമായ ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലെ വാചകങ്ങളാണ് ഉത്തര കൊറിയ ഉപമന്ത്രിയെ ചൊടിപ്പിച്ചത്.

വൈസ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന വിവരമില്ലാത്തതാണ്, യുഎസ് അധികാരികളുടെ ഭീഷണിക്കു വഴങ്ങിയല്ല ഉത്തര കൊറിയ ചര്‍ച്ചയ്ക്കു തയാറാകുന്നത്, യുഎസിനോടു ചര്‍ച്ചകള്‍ക്കായി ഇതുവരെ അഭ്യര്‍ഥിച്ചിട്ടില്ല. നിയമവിരുദ്ധമായ കാര്യങ്ങളിലൂടെ ഉത്തര കൊറിയയെ ദ്രോഹിക്കാനാണു പരിപാടിയെങ്കില്‍ അടുത്ത മാസം സിംഗപ്പൂരില്‍ നടക്കേണ്ട കൂടിക്കാഴ്ചയെക്കുറിച്ചു പുനരാലോചന നടത്തേണ്ടി വരും എന്നും ഉത്തര കൊറിയന്‍ മന്ത്രി ചോ സോന്‍ ഹു പറഞ്ഞു.

ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ കഴിഞ്ഞ ദിവസം യുഎസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പിരസിഡന്റ് ഡോണള്‍ഡ് ട്രംപും മൂണ്‍ ജെ ഇന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു. യു.എസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി വന്‍ ഒരുക്കങ്ങളാണ് ഉത്തരകൊറിയ നടത്തുന്നത്.