ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് കുമാര്‍ ഖന്നയുടെ പ്രസ്താവന വിവാദത്തിലേക്ക്

ലഖ്‌നൗ: തെരുവു നായയുടെ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നതിന് സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന ഉത്തര്‍ പ്രദേശ് മന്ത്രിയുടെ പ്രസ്താവന വിവാദത്തിലേക്ക്. നഗരവികസന വകുപ്പ് മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് ഈ വിവാദ പ്രസ്താവന നടത്തിയത്.

ഒരു മൃഗം എവിടെയെങ്കിലും കയറി ആരെയെങ്കിലും കടിച്ചാല്‍ അതിന് സര്‍ക്കാരും ഭരണസംവിധാനവും എങ്ങനെ ഉത്തരവാദികളാകും എന്നായിരുന്നു സുരേഷിന്റെ പ്രസ്താവന. കഴിഞ്ഞ നവംബര്‍ 14 കുട്ടികളാണ് തെരുവുനായ ആക്രമണത്തില്‍ മരിച്ചത്. നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മേയ് പതിന്നാലിനു മാത്രം എട്ടുപേരാണ് തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ അധികവും കുട്ടികളാണ്. മേയ് പതിനെട്ടിന് എട്ടുവയസ്സുകാരി തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സീതാപുറിലെ ഖൈരാബാദ് ബ്ലോക്കിലെ 22 ഗ്രാമങ്ങളില്‍ കടുത്ത തെരുവുനായ ശല്യമാണുള്ളത്.