ഉണ്ണി മുകുന്ദന്‍ ഉടന്‍ അറസ്റ്റിലായേക്കും

കൊച്ചി: യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. യുവതിയുടെ പരാതിയില്‍ തൃക്കൊടിത്താനം പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയതോടെ അറസ്റ്റ് ഒഴിവാക്കാന്‍ പറ്റാത്ത തരത്തിലുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് ആരോപണത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരായ പീഡന പരാതികളില്‍ നിയമം കര്‍ശനമായതോടെ നടന്റെ അറസ്റ്റ് അനിവാര്യമായിരിക്കും. അതേസമയം, കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ ചെയ്യാനുള്ള സാധ്യത വിരളമാണെന്നും സൂചനയുണ്ട്.

കേസില്‍ ഉണ്ണി മുകുന്ദന്‍ ഒന്നാം പ്രതിയും നിര്‍മ്മാതാവ് രാജന്‍ സക്കറിയ രണ്ടാം പ്രതിയുമാണ്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച എം ടൗണ്‍ എന്റര്‍ടെയ്ന്‍മെന്റ് അഡ്മിനിസ്‌ട്രേറ്ററെ മൂന്നാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. തിരക്കഥാകൃത്തായ യുവതിയാണ് പരാതിക്കാരി. ഉണ്ണി മുകുന്ദന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നു.

തിരക്കഥയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ചെന്നപ്പോള്‍ ഉണ്ണി മുകന്ദന്‍ പീഡനത്തിന് ശ്രമിച്ചെന്നാണ് ആരോപണം. എന്നാല്‍, തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഉണ്ണി മുകന്ദന്റെ വിശദീകരണം. കേസില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ആരോപണ വിധേയന്‍ സെലിബ്രിറ്റിയാണെന്നത് കണക്കിലെടുക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.