എയിംസിൽ കോടതിമുറി തയാറാക്കി ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

ന്യൂഡൽഹി∙ ഉന്നാവോ ലൈംഗികാക്രമക്കേസിന്റെ വിചാരണ ദല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയില്‍. മുൻ ബിജെപി നേതാവും എംഎൽഎയുമായ കുൽദീപ് സിങ് സെൻഗർ പ്രതിയായ ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി പ്രത്യേക കോടതി ജഡ്ജി നേരിട്ടെത്തി രേഖപ്പെടുത്തി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചാണ് പ്രത്യേക കോടതി ജഡ്ജി ധർമേഷ് ശർമ മൊഴി രേഖപ്പെടുത്തിയത്. ഇതിനായി ആശുപത്രിയിൽ താൽക്കാലിക കോടതിമുറി സജ്ജീകരിച്ചിരുന്നു. മൊഴി രേഖപ്പെടുത്തുന്നതിനായി സെൻഗറിനേയും ആശുപത്രിയിലെത്തിച്ചിരുന്നു.

എയിംസിൽ സജ്ജീകരിച്ച താൽക്കാലിക കോടതിമുറിയിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. ആശുപത്രിയിലെത്തി വാദം കേൾക്കണമെന്ന പ്രത്യേക കോടതി ജഡ്ജിയുടെ ആവശ്യത്തിന് ‍ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വിചാരണ എയിംസിലേക്കു മാറ്റിയത്.