തന്നെ കൊല്ലാൻ ശ്രമിച്ചത് കുൽദീപ് സിംഗ് സെൻഗാർ തന്നെയെന്ന് ഉന്നാവോ പെൺകുട്ടി

ന്യൂ ഡൽഹി: താൻ നേരിട്ട കാറപകടത്തിന് പിന്നില്‍ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ആണെന്ന് ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കഴിഞ്ഞ ദിവസം സി.ബി.ഐക്ക് നല്‍കിയ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്.

അപകടത്തിന് തൊട്ട് മുമ്പ് സെന്‍ഗാറും കൂട്ടാളികളും തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സി.ബി.ഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

അത്യാസന്നനിലയില്‍ ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞദിവസം വാര്‍ഡിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് സി.ബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

ജൂലൈ 28 നായിരുന്നു ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഉന്നാവോയില്‍ നിന്നും റായ്ബറേലിയിലേക്ക് പോയികൊണ്ടിരിക്കെ വാഹനം ട്രക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു.