യൂണിവേഴ്സിറ്റി കോളേജ് വിവാദം; പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകള്‍; വൈസ് ചാന്‍സലറില്‍ നിന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ത്ഥിയെ കുത്തിയ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം അടിയന്തര റിപ്പോര്‍ട്ട് തേടി.

സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കൃത്യമായ കണക്കുകളോടെ സൂക്ഷിക്കേണ്ടതാണ്. ഇത് ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്നുള്‍പ്പെടെ കണ്ടെത്തുന്നു. ഇതില്‍ എന്താണ് സംഭവിച്ചത് എന്നാണ് വൈസ് ചാന്‍സലര്‍ വിശദീകരണം നല്‍കേണ്ടത്. കൂടാതെ സര്‍വകലാശാലയുടെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെത്തിയ സംഭവത്തിലും വി.സി മറുപടി നല്‍കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയുമായ അഖിലിനെ കുത്തിയ കേസിലെ പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തത്.

മാത്രമല്ല യൂണിയന്‍ ഓഫീസില്‍ നിന്ന് ഒരു അധ്യാപകന്റെ സീലും കണ്ടെടുത്തിട്ടുണ്ട്. ഇതും വ്യാജമാണെന്ന് അധ്യാപകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് കൂടുതല്‍ ഗൗരവമായി ഗവര്‍ണര്‍ എടുത്തിരിക്കുന്നത്. ഇത്തരത്തില്‍ വ്യാജ സീലുകള്‍ നിര്‍മിച്ച് രീതി അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഗവര്‍ണര്‍ വൈസ്ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഉത്തരക്കടലാസുകള്‍ കൃത്യമായ കണക്കുകളോടെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം അധ്യാപകര്‍ക്കാണ് ഉള്ളത്. ഉത്തരക്കടലാസുകള്‍ ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുന്ന സാഹചര്യമുണ്ടായി. യൂണിയന്‍ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം ക്ലാസ് റൂമാക്കി മാറ്റാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന വൃത്തിയിക്കാലിനിടെ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളും കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.