കേന്ദ്ര ബജറ്റ്; പെട്രോളിനും ഡീസലിനും സ്വർണത്തിനും വില കൂടും; 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല

ന്യൂ ഡൽഹി: പെട്രോളിനും ഡീസലിനും വില കൂടി. ബജറ്റില്‍ ലിറ്ററിന് ഒരു രൂപ വീതം പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയതിനാലാണ് വിലവർധന.

ആദായ നികുതി അടയ്ക്കുന്നതിന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. പാന്‍ കാര്‍ഡ് ഇല്ലാത്തതുകൊണ്ട് നികുതി അടയ്ക്കുന്നതിന് സാധിക്കാത്ത പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണിതെന്ന് മന്ത്രി പറഞ്ഞു. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഒഴിവാക്കി. കോര്‍പ്പറേറ്റ് നികുതിയില്‍ കുറവു വരുത്തും. കോര്‍പ്പറേറ്റ് നികുതിയില്‍ ഏറ്റവും താഴെ ഉള്ള നിരക്കായ 25 ശതമാനം നികുതി 400 കോടി വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് വരെയാക്കിയതായി മന്ത്രി പറഞ്ഞു. 250 കോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കായിരുന്നു 25 ശതമാനം നികുതി. അത് കൂടുതല്‍ വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്ക് വരെയായി വര്‍ധിപ്പിച്ചു. പ്രത്യക്ഷ നികുതിയില്‍ വര്‍ധനയുണ്ടായതായി മന്ത്രി പറഞ്ഞു. 2014 ല്‍ 6.38 ലക്ഷം കോടിയായിരുന്നത് 2018 ല്‍ 11.37 ലക്ഷം കോടി രൂപയായതായി മന്ത്രി പറഞ്ഞു.

സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കി. രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ നൽകും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി. വൈദ്യുതി മേഖലയിൽ ഒരു രാജ്യം ഒരു ഗ്രിഡ് നിർദേശവും ബജറ്റിലുണ്ട്.