കേന്ദ്ര ബജറ്റ്; സാമ്പത്തിക വളർച്ചയ്ക്ക് പ്രാധാന്യം നൽകും; തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യും; ചാണക്യസൂത്രം ഉദ്ധരിച്ച് നിർമ്മലയുടെ തുടക്കം

ന്യൂ ഡൽഹി:തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആദ്യ ബജറ്റവതരണത്തില്‍ പ്രഖ്യാപിച്ചു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും. മിനിമം ഗവണ്‍മെന്റ് മാക്സിമം ഗവേണന്‍സ് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. ഈ സാമ്പത്തിക വര്‍ഷം തന്നെ 3 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച നേടും.സന്നദ്ധ സംഘടനകളെ ഉപയോഗിച്ചും ഇതര സാമൂഹ്യ സ്ഥാപനങ്ങളെ ഉപയോഗിച്ചും മ്യൂച്വൽ ഫണ്ടുകൾ പോലുള്ളവയിലേക്ക് ഓഹരി മൂലധനം സ്വരൂപിക്കുമെന്ന് നിർമല സീതാരാമൻ ബജറ്റവതരണത്തിൽ പറഞ്ഞു.

രാജ്യത്തേക്കുള്ള വിദേശ മൂലധന ഒഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതായും മന്ത്രി അവകാശപ്പെട്ടു. നിലവിൽ 54.2 ബില്യൺ ഡോളറാണ് രാജ്യത്തെ വിദേശനിക്ഷേപം. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 6 ശതമാനം അധികമാണിത്.

ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരും. മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കും. ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പിലാക്കും തുടങ്ങിവയാണ് ആദ്യ മണിക്കൂറിലെ പ്രഖ്യാപനങ്ങള്‍

സാമ്പത്തിക അച്ചടക്കമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കരുത്തെന്ന് നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

മാധ്യമരംഗത്ത് വിദേശനിക്ഷേപം വർധിപ്പിക്കാനുള്ള സാധ്യതകളും തങ്ങളാരായുമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു. അനിമേഷൻ അടക്കമുള്ള മാധ്യമമേഖലകളിലേക്കും വിദേശനിക്ഷേപം കൂട്ടും. നിലവിൽ പരമാവധി 40% ശതമാനമാണ് ഈ മേഖലളിലെ വിദേശനിക്ഷേപം.

വർഷാവർഷം ആഗോളതലത്തിലെ ബിസിനസ്സുകാരെ ഉൾപ്പെടുത്തി ഒരു യോഗം സംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി നിർമല സീതാരാമൻ പറഞ്ഞു. വ്യവസായികൾ, കോർപ്പറേറ്റ് ലീഡർമാർ, വെൻച്വർ ഫണ്ടുകൾ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചാണ് ഈ മീറ്റ് സംഘടിപ്പിക്കുക.

ഗ്രാമീണ ഭാരതത്തെ ശക്തിപ്പെടുത്താൻ വേണ്ട നടപടികളെടുക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ശുദ്ധമായ പാചകവാതകം, ആവശ്യമായ ഇലക്ട്രിസിറ്റി വിതരണം തുടങ്ങിയവ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വീടുകളിൽ ശുചിമുറികളെത്തിച്ച് സ്ത്രീയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ചു ഒന്നാം മോദി സർക്കാരെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണത്തിനിടെ പറഞ്ഞു. വലിയ തോതിലുള്ള വളർച്ചയാണ് വിവിധ മേഖലകളിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം ഉണ്ടായത്.

പരമാവധി 1.5 കോടിയുടെ വാർഷിക വിറ്റുവരവുള്ള മൂന്ന് കോടിയോളം ഷോപ്പുടമകൾ‌ക്ക് പ്രധാൻമന്ത്രി മന്‍ ധൻ പദ്ധതിയിലൂടെ പെൻഷൻ ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

2018നും 2030നും ഇടയിൽ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയിൽവേയിൽ ആവശ്യമായി വരികയെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. വർഷത്തിൽ 1.6 ലക്ഷം കോടി രൂപയോളം നിക്ഷേപം നടത്തേണ്ടി വരും എന്നതാണ് ഇതിനർത്ഥം. ഇത് രാജ്യത്തിന് താങ്ങാവുന്ന ഒന്നല്ല. ദശകങ്ങളോളം കാത്തിരിക്കേണ്ടതായി വരും മാറ്റങ്ങൾക്കായി. ഈ പ്രശ്നം പരിഹരിക്കാൻ സ്വകാര്യവൽക്കരണമാണ് ആവശ്യം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഈ നിക്ഷേപങ്ങൾ നടപ്പാക്കേണ്ടി വരും.

ജനവിധിയെക്കുറിച്ചും കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചുമാണ് ബജറ്റ് പ്രസംഗം തുടങ്ങിയത്. ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക വികസനത്തിനുമായുള്ള ജനവിധിയെന്ന് നിര്‍മ്മല സിതാരാമന്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതടക്കം ഏഴ് കാര്യങ്ങളില്‍ ഊന്നിയാണ് സാമ്പത്തിക വ്യവസ്ഥ വികസിപ്പിച്ചത്. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രതിരോധ ഉത്പന്നങ്ങളുടെ നിര്‍മ്മാണം, മലീനികരണ മുക്ത ഇന്ത്യ , ബഹിരാകാശ രംഗത്തെ പ്രവര്‍ത്തനങ്ങള്‍, ആയുഷ്മാന്‍ അടക്കമുള്ള നയപരിപാടികള്‍ വഴിയാണ് സാമ്പത്തിക വികസനം സാധ്യമാക്കിയത്.

കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കിയും ജിഎസ്ടി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിയും ധന മേഖലയില്‍ അച്ചടക്കം പാലിച്ചുമുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യത്തെ മോദി സര്‍ക്കാര്‍ കാഴ്ചവെച്ചത്.

ചാണക്യസൂത്രം ഉദ്ധരിച്ചാണ് നിർമല സീതാരാമൻ തന്റെ അവതരണം തുടങ്ങിയത്. ‘നിശ്ചയദാർഢ്യത്തോടു കൂടിയുള്ള മനുഷ്യ പ്രയത്നം ഫലത്തിലെത്തുക തന്നെ ചെയ്യും’ എന്നർത്ഥം വരുന്ന ഈരടിയാണ് മന്ത്രി ഉദ്ധരിച്ചത്.